വൈദികര്‍ക്കെതിരായ പീഡന കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്. ഇതുസംബന്ധിച്ച് വനിത കമ്മീഷന് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോര്‍ട്ട് നല്കി. സ്ത്രീകള്‍ ബ്ലാക്ക്മെയിലിങ്ങിനിരയാകാന് കുമ്പസാരം ഇടയാക്കുമെന്നും അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നും കേന്ദ്ര വനിത കമ്മീഷന് ആവശ്യപ്പെട്ടു.
നാല് ഓര്‍ത്തഡോക്സ് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുമ്പസാര രഹസ്യത്തെ വൈദികര്‍ ദുരുപയോഗപ്പെടുത്തിയ കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ക്രൈസ്തവ സഭകളില്‍ വര്‍ധിച്ചു വരുന്നതിനാല്‍ സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി കുമ്പസാരം തന്നെ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ നല്‍കിയതെന്ന് രേഖാ ശര്‍മ്മ പറഞ്ഞു.
വൈദികര്‍ക്കെതിരായ കേസില്‍ പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിത കമ്മീഷന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. വൈദികര്‍ പ്രതികളായ പീഡനക്കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര വനിത കമ്മീഷന് ഇടപെടല്‍. കേസുകളില്‍ വൈദികര്‍ക്ക് രാഷ്ട്രീയ സഹായം നല്‍കുന്നുണ്ടെന്നും രേഖ ശര്‍മ്മ ആരോപിച്ചു.