ലഖ്നൗ: ഉത്തര്‍പ്രദേശിലെ ചരിത്രപ്രസിദ്ധമായ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ ദീന്‍ദയാല്‍ ഉപാധ്യായ് ജങ്ഷന്. സ്റ്റേഷന് ആര്.എസ്.എസ് ചിന്തകനും ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ദീന്‍ദയാലിന്റെ പേര് നല്‍കണമെന്ന് ഒരു വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്കിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ദീന്ദയാലിനെ 1968 ല്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇതേ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും ജന്മസ്ഥലമാണ് മുഗള്‍സരായ്. എന്നാല്‍ റെയില്‍വേ സ്റ്റേഷന്റെ പേരു മാറ്റാനുള്ള നീക്കത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണും എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.
'നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്താല്‍ നഗരങ്ങളുടേയും സ്റ്റേഷനുകളുടേയും പേരു മാറും, എ.എ.പിക്ക് വോട്ടു ചെയ്താല്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി തന്നെ മാറു'മെന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തു. ഹൗറ- ഡല്‍ഹി റൂട്ടിലുള്ള ഈ റെയില്‍വേ സ്റ്റേഷന് രാജ്യത്തെ തിരക്കുള്ള നാലാമത്തെ റെയില്‍വേ സ്റ്റേഷനാണ്. ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ മാര്‍ഷലിങ് യാഡും(12.5 കി.മി) ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വലിയ വാഗണ്‍ അറ്റകുറ്റപ്പണി ശാലയുമുണ്ട്.