Friday November 16th, 2018 - 1:45:pm
topbanner

അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ്; കേരളത്തിലും ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെട്ടു

NewsDesk
അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ്; കേരളത്തിലും ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെട്ടു

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദിനെ തുടര്‍ന്ന് കേരളത്തിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.

കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാര്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ പണിമുടക്കുകയാണ്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) നേതൃത്വത്തില്‍ ഇന്നു രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കും.

ഹോമിയോ-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സിദ്ധ-യുനാനി വൈദ്യന്മാര്‍ക്കും അലോപ്പതിചികിത്സ നടത്തുന്നതിന് ബ്രിഡ്ജ് കോഴ്‌സിന് രൂപംനല്‍കാനുള്ള ബില്ലിലെ വ്യവസ്ഥ ജനദ്രോഹപരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അധികാരം ചെറിയ കോഴ്‌സിലൂടെ ഹോമിയോ-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സിദ്ധ-യുനാനി വൈദ്യന്മാര്‍ക്കും നല്‍കാനുള്ള നീക്കം വ്യാപകമായ വ്യാജവൈദ്യത്തിന് ഇടയാക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 60 മുതല്‍ 100 ശതമാനംവരെ സീറ്റില്‍ ഫീസ് നിയന്ത്രണം എടുത്തുകളയുന്നതിനാല്‍ മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകും.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കുകയും ചെയ്യും. മെഡിക്കല്‍ വിദ്യാര്‍ഥികളും പണിമുടക്കില്‍ പങ്കുചേരും. എന്നാല്‍, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ജോലിചെയ്യും. ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്നു ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും രാജ്ഭവന്‍ മാര്‍ച്ചുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കാനുള്ള നടപടിയാണു കേന്ദ്രത്തിന്റേതെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.മധു, ജന.സെക്രട്ടറി ഡോ.എ.കെ.റഊഫ് എന്നിവര്‍ ആരോപിച്ചു.

Read more topics: Medical, hospital
English summary
Medical bandh hit services at hospitals
topbanner

More News from this section

Subscribe by Email