Thursday June 27th, 2019 - 5:49:am
topbanner
topbanner

സിപിഎം നേതൃത്വത്തില്‍ ലക്ഷത്തോളം കര്‍ഷകര്‍ മുംബൈയില്‍; ഇന്ന് സെക്രട്ടറിയേറ്റ് വളയും

NewsDesk
സിപിഎം നേതൃത്വത്തില്‍ ലക്ഷത്തോളം കര്‍ഷകര്‍ മുംബൈയില്‍; ഇന്ന് സെക്രട്ടറിയേറ്റ് വളയും

മുംബൈ: ദുരിതക്കയത്തിലായ കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ച് മുംബൈയിലെത്തി. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് വളയല്‍ സമരം നടത്തും.

സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണു പ്രതിഷേധം. കര്‍ഷക പ്രതിഷേധത്തിനു പിന്തുണയര്‍പ്പിച്ച് ശിവസേനയും എംഎന്‍എസും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും രംഗത്തെത്തി.

സമരത്തില്‍ ജനജീവിതം നിശ്ചലമാകാന്‍ തുടങ്ങിയതോടെ കര്‍ഷകനേതാക്കളുമായി ചര്‍ച്ചയ്ക്ക് മന്ത്രി ഗീരിഷ് മഹാജനെ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കായി അഞ്ച് പ്രതിനിധികളെ നിയോഗിക്കാന്‍ കിസാന്‍ സഭയോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അഭ്യര്‍ഥിച്ചു.

തിങ്കളാഴ്ച രാവിലെ പതിനൊന്നിനായിരിക്കും നിയമസഭാ മന്ദിരത്തിലേക്കുള്ള പ്രതിഷേധ ജാഥ ആരംഭിക്കുക. ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് 11നു സമരം ആരംഭിക്കുന്നതെന്നു കിസാന്‍ സഭ അറിയിച്ചു. എഴു ദിവസംകൊണ്ട് 180 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് ലക്ഷത്തോളം കര്‍ഷകര്‍ നഗരത്തില്‍ എത്തിയത്.

നിലവില്‍ ഘാട്‌കോപറിനടുത്ത് രമാഭായ് നഗറിലെ മൈതാനത്തു തമ്പടിച്ചിരിക്കുകയാണു കര്‍ഷക സംഘം. ഇവിടെ പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചും ആഘോഷമായാണു പ്രദേശവാസികള്‍ കര്‍ഷകരെ സ്വാഗതം ചെയ്തത്.

ജാഥയെ അഭിസംബോധന ചെയ്ത ശിവസേന നേതാവ് ആദിത്യ താക്കറെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തു. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളമെന്ന ആവശ്യം ശിവസേനയുടേതു കൂടിയാണ്.

കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടി തലവന്‍ ഉദ്ദവ് താക്കറെ തന്നെ അയച്ചതെന്നും ആദിത്യ പറഞ്ഞു. എംഎന്‍എസ് തലവന്‍ രാജ് താക്കറെയും ജാഥയ്ക്ക് പിന്തുണ അറിയിച്ചു സംസാരിച്ചു. വെള്ളവും വൈദ്യസഹായവും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നു പൊലീസും അറിയിച്ചു.

അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബി.ജെ.പി. സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി വരള്‍ച്ചയ്ക്ക് അറുതിവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

തിങ്കളാഴ്ച കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണു പൊലീസിന്റെ നീക്കം. ഈ മാസം ഏഴിനു നാസിക്കില്‍ നിന്നാരംഭിച്ച കാല്‍നടജാഥയില്‍, മുംബൈയിലേക്കുള്ള 182 കിലോമീറ്റര്‍ ദൂരവും സ്ത്രീകളും മധ്യവയസ്‌കരും ഉള്‍പ്പെടെയുള്ളവര്‍ നടന്നാണെത്തിയത്. പൊരിവെയിലില്‍ പ്രതിദിനം നടന്നതു ശരാശരി 35 കിലോമീറ്റര്‍. ഓരോ പ്രദേശത്തുനിന്നും വന്‍തോതില്‍ ആളുകള്‍ റാലിയില്‍ ചേര്‍ന്നു.

സിപിഐയും പെസന്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടിയും മാര്‍ച്ചിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇടതുപക്ഷ സംഘടനകളുടെ മാത്രം നേതൃത്വത്തില്‍ സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.

Read more topics: Maharashtra, Farmer, March, Mumbai
English summary
Maharashtra Farmers' March: In Mumbai, Farmers To March To State Assembly
topbanner

More News from this section

Subscribe by Email