Thursday May 24th, 2018 - 1:25:pm
topbanner

സുകേഷ് തട്ടിപ്പുകളുടെ രാജാവ്; പങ്കാളി മലയാളി നടി; കൈയ്യിലെ ബ്രേസ്ലറ്റിന് മാത്രം 6.5 കോടി

NewsDesk
സുകേഷ് തട്ടിപ്പുകളുടെ രാജാവ്; പങ്കാളി മലയാളി നടി; കൈയ്യിലെ ബ്രേസ്ലറ്റിന് മാത്രം 6.5 കോടി

ന്യൂഡല്‍ഹി: എഐഎഡിഎംകെ (അമ്മ) പാര്‍ട്ടിക്കുവേണ്ടി രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ സുകേഷ് ചന്ദ്രശേഖരന്‍ തട്ടിപ്പുകളുടെ രാജാവാണെന്ന് പോലീസ്.

അത്യാഡംബര ജീവിതം. തെക്കന്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് പിടികൂടുേമ്പാള്‍ കൈത്തണ്ടയില്‍ കിടന്ന ബ്രേസ്ലെറ്റിനു മാത്രം ആറരക്കോടി വില വരുമെന്ന് പൊലീസ് പറയുന്നു.

മുറിയില്‍ കണ്ടെത്തിയ പലതരം ഷൂസുകള്‍ക്ക് വിലയിട്ടത് ഏഴു ലക്ഷമാണ്. കണ്ടെടുത്തത് 1.3 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍. ഓരോ മെഴ്‌സിഡസ്, ബി.എം.ഡബ്ല്യു കാറുകള്‍ പിടിച്ചെടുത്തിരുന്നു. എം.പിയുടെ വാഹനമാണെന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നു.

ദിനകരന്റെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാനാണ് പണവും കാറുകളും കൊണ്ടുവന്നതെന്ന് സുകേഷ് ചന്ദ്രശേഖര്‍ മൊഴി നല്‍കി. ചിഹ്നം ലഭിക്കാന്‍ ഏകദേശം 50 കോടി രൂപയോളം കോഴയായി നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതായാണ് മൊഴി.

സുകേഷും ജീവിത പങ്കാളിയും മലയാളി നടിയുമായ ലീന മരിയ പോളും നിരവധി വഞ്ചനകേസുകളില്‍ പ്രതിയാണ്. 2013 ജൂലൈയില്‍ ലീനയേയും സുകേഷിനെയും ആഡംബര കാര്‍ ഇറക്കുമതി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

കോടികളുടെ തട്ടിപ്പു കേസും ഇവര്‍ക്കെതിരെയുണ്ട്. ബാലാജിയെന്നും ശേഖര്‍ റെഡ്ഡിയെന്നുമൊക്കെ തരംപോലെ അറിയപ്പെടുന്ന സുകേഷിന് പ്രായം 27. ബംഗളൂരു സ്വദേശി. ഡി.എം.കെ നേതാവ് എം.കെ. അഴഗിരിയുടെ മകനാണെന്നു പറഞ്ഞുനടന്നു. ഐ.എ.എസുകാരനായും എം.പിയായുമൊക്കെ വിലസി.

ബെംഗളുരുവിലും ചെന്നൈയിലുമായി 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുകേഷ്. വഞ്ചന മുതല്‍ വ്യാജരേഖ ചമക്കല്‍ വരെയാണ് കേസുകള്‍. ഡല്‍ഹിയില്‍ പല ഫാം ഹൗസുകള്‍ ഇയാള്‍ക്ക് ഉണ്ടെന്നു പറയുന്നു. വിപുലമായ കണ്ണികള്‍. ടി.ടി.വി. ദിനകരനുമായി നാലു വര്‍ഷത്തോളമായി അടുപ്പമുണ്ട്.

12ാം തരം കഴിഞ്ഞപ്പോള്‍ പഠിപ്പു നിര്‍ത്തി. അതിനു ശേഷം ഇടനിലക്കാരനായി രൂപാന്തരപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരും കരാറുകാരുമായുള്ള ഇടപാടുകള്‍ ഇയാള്‍ മുഖേന നടന്നുവന്നു. ഇടക്കാലത്ത് കേസില്‍ പിടിക്കപ്പെട്ട് കുറച്ചു കാലം ജയിലില്‍ കഴിഞ്ഞു.

വ്യാജ ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റ് 3,000 കോടി രൂപയുടെ ധനികനായി മാറിയെന്ന കഥയും സുകേഷിനെക്കുറിച്ച് പൊലീസ് പങ്കുവെക്കുന്നു. വ്യാജരേഖ കൊടുത്ത് തമിഴ്‌നാട്ടില്‍ കനറ ബാങ്കില്‍നിന്ന് 19 കോടി തട്ടിയതടക്കം നിരവധി വഞ്ചനകേസില്‍ പ്രതി. ലീന മരിയ പോളിനൊപ്പം നടത്തിയ തട്ടിപ്പുകള്‍ പലതാണ്. മുമ്പ് ഡല്‍ഹി ഫാം ഹൗസില്‍ നിന്ന് ലീനയെ അറസ്റ്റു ചെയ്തപ്പോള്‍, സുകേഷ് വെട്ടിച്ചു മുങ്ങി. പിന്നീട് കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടി. വീണ്ടും ഇയാള്‍ക്ക് നിര്‍ബാധം വിഹരിക്കാന്‍ കഴിഞ്ഞുവെന്നതും ശ്രദ്ധേയം.

Read more topics: Cars, Cash, Dinakaran, Sukesh
English summary
Cars, Cash, Con: The Lavish Lifestyle of Dinakaran's 'Middleman' Sukesh

More News from this section

Subscribe by Email