ചെന്നൈ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം വിദേശത്തേക്ക് കടന്നു. ചെന്നൈയില്‍ കാര്‍ത്തിയുടെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും സിബിഐ റെയ്ഡ് നടത്തിയതിന്റെ പിന്നാലെയാണ് കാര്‍ത്തി ലണ്ടനിലേക്ക് പറന്നത്.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം എന്നാണ് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ കാര്‍ത്തിയുടെ യാത്രയെ വിശദീകരിച്ചിരിക്കുന്നതെങ്കിലും അറസ്റ്റ് ഭയന്ന് മു്ങ്ങിയതാണെന്നും അഭ്യൂഹമുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍, കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡും (സിബിഡിറ്റി) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചിരുന്നു.
ഷീന ബോറ വധക്കേസിലെ പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും ഉടമകളായ ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനത്തില്‍നിന്ന് കാര്‍ത്തിക്ക് ലഭിച്ച ഫണ്ടുകളാണ് മുഖ്യമായും പരിശോധിക്കുന്നത്.
വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) മാനദണ്ഡങ്ങള്‍ ലംഘിച്ച് 305 കോടി രൂപയുടെ വിദേശ നിക്ഷേപം 2007ല്‍ ഐഎന്‍എക്സ് മീഡിയക്ക് ലഭിച്ചിരുന്നു.
4.62 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനായിരുന്നു ഐഎന്‍എക്സ് മീഡിയക്ക് എഫ്ഐപിബി അനുമതി നല്‍കിയിരുന്നത്. എന്നാല്‍, മൗറീഷ്യസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍നിന്നായി 305 കോടി രൂപ ഐഎന്‍എക്സ് സമാഹരിച്ചു. കമ്പനികളുടെ ഓഹരികള്‍ ഓഹരിയൊന്നിന് 800 രൂപ നിരക്കില്‍ വിറ്റായിരുന്നു ധനസമാഹരണം. ഇതിലാണ് അന്വേഷണം നടക്കുന്നത്.