റഷ്യയുമായി 4000 കോടിയുടെ മിസൈല്‍ ഇടപാടുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ. റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ സൈനിക ഇടപാട് അമേരിക്കയുടെ റഷ്യന്‍ ഉപരോധ ഭീഷണിയ്ക്ക് മുന്നില്‍ തടസ്സമാകില്ലെന്നും ഇക്കാര്യം അമേരിക്കയെ അറിയിക്കുമെന്നും ഇന്ത്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു.
അമേരിക്കയുടെ ശത്രു രാജ്യങ്ങളില്‍ നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തുന്ന ഉപരോധം ഇന്ത്യയ്ക്ക് നേരേയും ഉപയോഗിക്കുമെന്ന ഭീഷണി നിലനിന്നിരുന്നു. എന്നാല്‍ റഷ്യയുടെ പ്രതിരോധ മേഖലയുമായി ഇന്ത്യയ്ക്ക് സ്വതന്ത്രകാലം മുതല്‍ ബന്ധമുണ്ടെന്നും ഈ ദീര്‍ഘകാല ബന്ധത്തിന്റെ മൂല്യം അമേരിക്കയുമായി നടത്തിയ എല്ലാ ചര്‍ച്ചകളിലും വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമാന്‍ പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധത്തിന് ശക്തിയായി ഇപ്പോഴും നില്ക്കുന്ന ആയുധങ്ങളില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് റഷ്യന്‍ സാങ്കേതിക വിദ്യയാണ്. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന എസ് -400 ട്രയംഫ് ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ് .