Saturday June 6th, 2020 - 4:35:am

കൊവിഡ് 19; കൊല്ലത്ത് ജാഗ്രത ശക്തമാക്കി

JB
 കൊവിഡ് 19; കൊല്ലത്ത് ജാഗ്രത ശക്തമാക്കി

സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയാണ് കൊല്ലം. കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ജാഗ്രത കൂടുതല്‍ ശക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച 47 കാരനായ പ്രാക്കുളം സ്വദേശിയുടെ സഞ്ചാരപഥം ഇന്നലെ തന്നെ ജില്ലാഭരണകൂടം പുറത്തിറക്കി. അതേ സമയം ജില്ലയില്‍ ഗൃഹ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17,000 കടന്നു. ദുബായില്‍ നിന്നെത്തിയ പ്രാക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ ഭരണകൂടം റൂട്ട് മാപ്പ് പുറത്തിറക്കി. രോഗി നിരീക്ഷണ കാലയളവില്‍ അനാവശ്യ യാത്രകള്‍ നടത്തിയിട്ടില്ലെങ്കിലും, എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് വരാന്‍ കെ.എസ്ആര്‍ടിസി ഉപയോഗിച്ചതും മൂന്ന് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയതും ജില്ലാ ഭരണകൂടത്തിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗബാധിതനെയും കുടുംബത്തെയും ഇന്നലെ തന്നെ പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി. ഇദ്ദേഹം സന്ദര്‍ശിച്ച തൃക്കരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എല്ലാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. മറ്റ് രണ്ട് ആശുപത്രികളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാനും ആശുപത്രി താത്കാലികമായി അടക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 17008 പേര്‍ ഗൃഹനിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ ദുബായില്‍ നിന്നുള്ള 1475 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 4405 പേരും ഉള്‍പ്പെടുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രില്‍ 18 പേര്‍ നിരീക്ഷണത്തിലുണ്ട്. അതേ സമയം ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്നലെ മാത്രം ജില്ലയില്‍ 411 കേസുകള്‍ രജിസ്റ്റര്‍ ചെയതു. റൂറല്‍ ജില്ലയില്‍ 228 ഉം നഗര പരിധിയില്‍ 183 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 346 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

 

Read more topics: corona virus, heavy alert, kollam,
English summary
heavy alert in kollam due to corona virus
topbanner

More News from this section

Subscribe by Email