ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദിയെ കുറിച്ചുള്ള ഒരു വിവരവും ഹോങ്കോംഗ് പങ്കുവച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മോദിയെ ഹോങ്കോംഗ് അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ സമര്‍പ്പിച്ച മറുപടിയിലാണു നീരവ് ഹോങ്കോങ്ങില്‍ ഉണ്ടെന്നറിഞ്ഞത്. നാടുവിട്ടു പോകുന്ന കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും ഹോങ്കോങ്ങും തമ്മില്‍ കരാറുണ്ട്. അതുകൊണ്ട് അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
മോദിയെ അറസ്റ്റു ചെയ്ത് ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഹോങ്കോംഗിന് സ്വന്തമായി തീരുമാനം എടുക്കാമെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ഭരണ സംവിധാനമാണ് ഹോങ്കോംഗ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയനിലെ പ്രാദേശിക നിയമങ്ങളും ഉഭയ സമ്മതപ്രകാരമുള്ള കരാറുകളുടേയും അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാമെന്നാണ് ചൈന പറഞ്ഞത്. നീരവിന്റെയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയുടെയും പാസ്പോര്ട്ടുകള് പ്രതിരോധ മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.