ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ നല്കുന്ന വന്‍ വിലക്കിഴിവിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികളുടെ വിലക്കിഴിവ് വില്പനയെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. സർക്കാറിന്റെ ഈ നിയന്ത്രണം ഇ-കൊമേഴ് സ്ഥാപനങ്ങൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
മൊത്തവ്യാപരവും ചില്ലറവ്യാപരവും കൂടുതലായി ഇപ്പോൾ നടക്കുന്നത് ഇ- കൊമേഴ്സ് സ്ഥാപനം വഴിയാണ്. സോഫ്റ്റ്ബാങ്ക്, ആലിബാബ, വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ ആഗോള ഭീമന്മാര് രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയെ ലക്ഷ്യമിട്ടതോടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഇ-കൊമേഴ്സ് മേഖലയ്ക്കാകെ പുതിയ നിയമമാണ് തയ്യാറാകുന്നത്. 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാമെന്നും അതേസമയം, ഇത്തരം സൈറ്റുകള്‍ വഴി വില്‍ക്കുന്നത് ഇന്ത്യയില്‍ നിര്‍മിച്ചവയാകണമെന്നും കരട് നയം മുന്നോട്ടുവെയ്ക്കുന്നു. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവസരമുണ്ടാകും.