Monday March 18th, 2019 - 11:30:pm
topbanner
topbanner

പായ്‌വഞ്ചിയില്‍ ഗ്ലോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടത്തുന്നതിനിടെ മലയാളി അഭിലാഷിനെ കാണാതായി

NewsDesk
പായ്‌വഞ്ചിയില്‍ ഗ്ലോള്‍ഡന്‍ ഗ്ലോബ് പ്രയാണം നടത്തുന്നതിനിടെ മലയാളി അഭിലാഷിനെ കാണാതായി

പെര്‍ത്ത്: പായ്വഞ്ചിയില്‍ സഞ്ചരിച്ച് പ്രശസ്തനായ അഭിലാഷ് ടോമി അപകടത്തില്‍പെട്ടു. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.

പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ച് അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ട് പായ് വഞ്ചി തകരുകയായിരുന്നു. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്.

പായ് വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാര്‍ പരിഹരിച്ചുവരുന്നതായി സംഘാടകരെ റേഡിയോ മുഖാന്തരം അറിയിച്ചിരുന്നു. ഭക്ഷണമായി കരുതിയിരുന്ന പോപ് കോണ്‍ തീരുകയാണെന്നും വഞ്ചിയില്‍ പരിമിതമായി സൂക്ഷിച്ചിട്ടുള്ള മറ്റു ഭക്ഷണവസ്തുക്കള്‍ ഉപയോഗിച്ചുതുടങ്ങാതെ മാര്‍ഗമില്ലെന്നുമാണു സന്ദേശം.

പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി പിന്നീട് സന്ദേശം നല്‍കി. പായ്വഞ്ചിയുടെ കഴ തകര്‍ന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി 'തുരിയ', ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മത്സരത്തില്‍ പങ്കെടുക്കുന്ന 18 പായ്വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.

ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗറെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ടശേഷമാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്.

Viral News

English summary
Golden Globe Race: Rush to find injured skipper Abhilash Tomy off coast of Perth
topbanner

More News from this section

Subscribe by Email