ചെന്നൈ: തമിഴ്നാട്ടിലെ വടക്കന്‍ ജില്ലകളില്‍ ഏറെ നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ മരണം ഇരുപത്തിയെട്ടായതായി അനൗദ്യോഗിക കണക്ക്. എന്നാല്‍ 13പേരുടെ വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗജ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിദ്ധമായ വേളാങ്കണ്ണി പള്ളി വളപ്പില്‍ സ്ഥാപിച്ച യേശുക്രിസ്തുവിന്റെ പ്രതിമയും തകര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് നാഗപട്ടണം മേഖലയില്‍ ആദ്യം ഗജ വീശിയടിച്ചത്. പിന്നീട് തഞ്ചാവൂര്‍, പുതുക്കോട്ട, തിരുവാരൂര്‍, കാരക്കല്‍ തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ ഗജ നാശം വിതച്ചു. 9 മണിക്കൂറോളം വീശിയടിച്ചതോടെ ഏറെ നാശനഷ്ടങ്ങളുണ്ടായി. ഡിണ്ടിഗല്‍, മധുര, സേലം ജില്ലകളിലൂടെ വീശിയടിച്ച് രാത്രിയോടെ കാറ്റിന്റെ ശക്തികുറഞ്ഞിട്ടുണ്ട്.
പക്ഷേ കനത്ത മഴ തുടരുകയാണ്. മരം കടപുഴകി വീണും മറ്റും ആയിരകണക്കിന് വീടുകള്‍ തകര്‍ന്നതായാണ് കണക്ക്. വേളാങ്കണ്ണി പള്ളിയുടെ ചുവരുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുമുണ്ട്. എങ്ങും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 22-ഓളം ജിലകളിലെ സ്കൂള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.