Thursday October 18th, 2018 - 8:00:pm
topbanner
Breaking News

മക്കളുടെ ഭാവിക്കായി കുറച്ച് സ്വര്‍ണ്ണം മാറ്റിവെയ്ക്കണമെന്ന് അപേക്ഷിച്ച ജ്വല്ലറി ഉടമയെ മോഷ്ടാക്കള്‍ വെടിവെച്ച് കൊന്നു

suji
മക്കളുടെ ഭാവിക്കായി കുറച്ച് സ്വര്‍ണ്ണം മാറ്റിവെയ്ക്കണമെന്ന് അപേക്ഷിച്ച ജ്വല്ലറി ഉടമയെ മോഷ്ടാക്കള്‍ വെടിവെച്ച് കൊന്നു

ദില്ലി: കുട്ടികളുടെ ഭാവിക്കായി കുറച്ച് സ്വര്‍ണ്ണമെങ്കിലും മാറ്റിവെയ്ക്കണമെന്ന് അപേക്ഷിച്ച ജ്വല്ലറി ഉടമയെ മോഷ്ടാക്കള്‍ വെടിവെച്ച് കൊന്നു. നോര്‍ത്ത് ഡല്‍ഹിയിലെ ആദര്‍ശ് നഗറിലെ ഷോറൂമിലാണ് മോഷണവും കൊലപാതകവും നടന്നത്. 13 വയസ്സുള്ള മകന്റെ മുന്നില്‍ വെച്ചാണ് നാല്‍പ്പതുകാരനായ ഹേമന്ദ് കൗശലിനെ കൊലപ്പെടുത്തിയത്.

ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്ന് പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഡെപ്യൂച്ചി കമ്മീഷണര്‍ അസ്ലം ഖാന്‍ പറഞ്ഞു. ഷോറൂമില്‍ കടന്ന മോഷ്ടാക്കളോട് ഹെല്‍മറ്റ് മാറ്റാനാണ് സെയില്‍സ്മാന്‍ അശോക് കുമാര്‍ ആവശ്യപ്പെട്ടത്. കൈയിലുള്ള തോക്കെടുത്ത് ചൂണ്ടിയാണ് ഇവര്‍ മറുപടി നല്‍കിയത്.

ഉടമയെയും മകനെയും തോക്കുചൂണ്ടി പുറത്തേക്ക് കൊണ്ടുവന്ന ശേഷം തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. മോഷ്ടാക്കള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ആഭരണങ്ങള്‍ കൊണ്ടുപൊയ്‌ക്കൊള്ളാന്‍ പിതാവ് പറഞ്ഞതായി മകന്‍ പറഞ്ഞു. തങ്ങളെ വെറുതെ വിടണമെന്ന് മാത്രമായിരുന്നു ആവശ്യം.

എല്ലാ സ്വര്‍ണ്ണവും ബാഗിലാക്കി കൊണ്ടുപോയപ്പോള്‍ മക്കളുടെ ഭാവി ഓര്‍ത്ത് കുറച്ച് സ്വര്‍ണ്ണം തിരികെ തരണമെന്ന് അപേക്ഷിച്ചതോടെയാണ് പിടിവലി ഉണ്ടായത്. ഒരു മോഷ്ടാവ് ഉടമയെ തള്ളിവീഴ്ത്തുകയും മറ്റൊരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.

എട്ടാം ക്ലാസുകാരനായ മകനാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചത്. പക്ഷെ അപ്പോഴേക്കും കൗശല്‍ മരിച്ചിരുന്നു.

 

Read more topics: delhi jeweller, shot dead
English summary
delhi jeweller is shot dead in front of his son
topbanner

More News from this section

Subscribe by Email