Saturday November 17th, 2018 - 4:24:am
topbanner

കോഓപ്പറേറ്റീവ് ബാങ്കിനെതിരെ സൈബര്‍ അക്രമം; ഹാക്കര്‍മാര്‍ 94 കോടി അടിച്ചുമാറ്റി

suji
കോഓപ്പറേറ്റീവ് ബാങ്കിനെതിരെ സൈബര്‍ അക്രമം; ഹാക്കര്‍മാര്‍ 94 കോടി അടിച്ചുമാറ്റി

പൂനെ: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന് നേരെ നടന്ന സൈബര്‍ അക്രമണത്തില്‍ ഹാക്കര്‍മാര്‍ 94 കോടി രൂപ കവര്‍ന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്‌മോസ് ബാങ്കിന്റെ സെര്‍വറില്‍ അതിക്രമിച്ച് കടന്ന ഹാക്കര്‍മാര്‍ 94 കോടി രൂപയാണ് രാജ്യത്തിന് പുറത്തുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.

ഓണ്‍ലൈന്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ട് കോഓപ്പറേറ്റീവ് ബാങ്ക് പൂനെ ചതുഷ്രുംഗി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. നഗരത്തിലെ ഗണേഷ്ഖിന്ദ് റോഡിലുള്ള ബാങ്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന എടിഎം സ്വിച്ചില്‍ നിന്നാണ് മാല്‍വെയര്‍ അക്രമണം നടന്നതെന്നാണ് ബാങ്ക് അധികൃതര്‍ സംശയിക്കുന്നത്.

80.5 കോടി രൂപയാണ് വിദേശ ബാങ്കിലേക്ക് ആദ്യം കടത്തിയത്. 14,849 ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനുകള്‍ നടത്തിയെന്ന് കാണിച്ചാണ് കോടികള്‍ പോയത്. 13.9 കോടി രൂപ സ്വിഫ്റ്റ് ട്രാന്‍സാക്ഷന്‍ വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് 11, 13 തീയതികളിലാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളത്. പ്രാദേശിക പോലീസും, പൂനെ സൈബര്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു, മാല്‍വെയര്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ മോഷ്ടിച്ചാണ് ഇത് നടത്തിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കോഓപ്പറേറ്റീവ് ബാങ്കുകളില്‍ ഒന്നാണ് കോസ്‌മോസ് ബാങ്ക്.

 

Read more topics: cyber attack,pune ,94 crore hacked
English summary
cyber attack at pune co op bank rs 94 crore allegedly siphoned off by hackers
topbanner

More News from this section

Subscribe by Email