ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഇന്ന് നിര്‍ണായകദിനം. കോണ്‍ഗ്രസിനോടുള്ള നിലപാട് എന്തായിരിക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടക്കുമോയെന്ന് ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷമറിയാം. വോട്ടെടുപ്പ് വേണമെന്നാണ് കാരാട്ട്-യച്ചൂരി പക്ഷങ്ങളുടെ ആവശ്യം. യച്ചൂരിക്കെതിരെ കേരള ഘടകം നിലപാട് കടുപ്പിക്കുമ്പോഴും യച്ചൂരി അനുകൂലനിലപാടുമായി വി.എസ് അച്യുതാനന്ദന് രാഷ്ട്രീയപ്രമേയത്തിന്റെ കരടിന്മേല് ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്.
രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന ആവശ്യം ബംഗാള്‍ പക്ഷം മുന്നോട്ടു വയ്ക്കും. കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ യെച്ചൂരിയെ പിന്തുണച്ചെങ്കിലും പ്രതിനിധികള്‍ക്കിടയിലെ മേല്‍ക്കൈ പ്രകാശ് കാരാട്ടിന് തന്നെയാണ്. കരടു രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഉച്ചയോടെ പുര്‍ത്തിയാവും. പിന്നീട് മറുപടി തയ്യാറാക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്ന പോളിറ്റ് ബ്യൂറോ ചേരും. പ്രകാശ് കാരാട്ടിന്റെ മറുപടിക്കു ശേഷം സീതാറാം യെച്ചൂരിയും മറുപടി പറയാനുള്ള അവസരം വേണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യപ്പെടും. കരടില്‍ ഒരു മാറ്റവുമില്ല എന്നതാണ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനമെങ്കില്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങും.
സാധാരണ കൈപൊക്കിയാണ് വോട്ടെടുപ്പ്. എന്നാല്‍ രഹസ്യ വോട്ടെടുപ്പ് വേണം എന്ന് ഏതെങ്കിലും അംഗം ആവശ്യപ്പെട്ടാല്‍ അത് സമ്മേളനം നിയന്ത്രിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. രഹസ്യ വോട്ടെടുപ്പ് വേണം എന്ന് മഹാരാഷ്ട്ര തമിഴ്നാട് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ഭരണഘടനയിലെ പതിനാലാം വകുപ്പ് പ്രകാരം കേന്ദ്ര കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം വന്നാല്‍ രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണം എന്നാണ് ചട്ടം. കേന്ദ്രകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ചട്ടം മാത്രമാണിതെന്ന് കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എല്ലാ വോട്ടെടുപ്പിനും ഇത് ബാധകമാക്കാം എന്ന വാദം എതിര്‍പക്ഷം ഉന്നയിക്കും.
വോട്ടെടുപ്പ് നടക്കുകയും ഫലം എതിരാവുകയും ചെയ്താല്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയേക്കും. ഇന്നലെ ചര്‍ച്ചയില്‍ ഒന്‍പത് സംസ്ഥാന ഘടകങ്ങള്‍ യെച്ചൂരിയേയും എട്ട് ഘടകങ്ങള്‍ കാരാട്ടിനേയും പിന്തുണച്ചു.