topbanner
Monday February 19th, 2018 - 11:34:pm
topbanner
Breaking News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ബിജെപിയിലേക്ക്; കേന്ദ്രമന്ത്രിയായേക്കും

NewsDesk
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ബിജെപിയിലേക്ക്; കേന്ദ്രമന്ത്രിയായേക്കും

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് പതിവാകുന്നു. ഏറ്റവുമൊടുവില്‍ മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ആണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കമല്‍നാഥിനെ ഉള്‍പ്പെടുത്താമെന്നാണ് വാഗ്ദാനം. കമല്‍നാഥിന്റെ ബിജെപി പ്രവേശനത്തിനു മുന്നോടിയായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇന്നലെ ഡല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തി.

കോണ്‍ഗ്രസ് നേതൃനിരയില്‍ കമല്‍നാഥ് നേരിട്ട അവഗണന മുതലെടുത്താണു ബിജെപി പ്രവേശനത്തിനു കളമൊരുക്കിയതെന്നാണു സൂചനകള്‍. കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതൃസ്ഥാനം പ്രതീക്ഷിച്ചിരുന്ന കമല്‍നാഥിനു പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണു ഹൈക്കമാന്‍ഡ് നേരത്തേ നിയോഗിച്ചത്.

ഖാര്‍ഗെയ്ക്കു പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) അധ്യക്ഷ സ്ഥാനം നല്‍കിയപ്പോള്‍ ലോക്‌സഭാ കക്ഷി നേതൃസ്ഥാനം ലഭിക്കുമെന്ന കമല്‍നാഥിന്റെ പ്രതീക്ഷയും അസ്ഥാനത്തായതോടെയാണു ബിജെപി വലവീശിയത്.

മധ്യപ്രദേശിലെ 29 എംപിമാരില്‍ രണ്ടുപേര്‍ മാത്രമാണു കോണ്‍ഗ്രസ് പ്രതിനിധികള്‍. ചിന്ദ്‌വാരയില്‍നിന്നു കമല്‍നാഥും ഗുണയില്‍ നിന്നു ജ്യോതിരാദിത്യ സിന്ധ്യയും.

കമല്‍നാഥിന്റെ ബിജെപി പ്രവേശനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണു പാര്‍ട്ടി ആസ്ഥാനത്തെ കേന്ദ്ര നേതാക്കള്‍. മധ്യപ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ കോണ്‍ഗ്രസിന്റെ പ്രമുഖനായ കമല്‍നാഥ് ബിജെപിയിലെത്തുന്നതു ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.

കഴിഞ്ഞദിവസം ദില്ലി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതു കൂടാതെ രാജ്യത്തിന്റെ പലഭാഗത്തുന്നും കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

 

Read more topics: congress, Kamal Nath, bjp
English summary
congress leader Kamal Nath likely to join bjp
topbanner

More News from this section

Subscribe by Email