Wednesday September 19th, 2018 - 4:37:pm
topbanner
Breaking News

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും വാദം തള്ളി; അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിയില്‍ നടന്നത് അസാധാരണ നടപടി

Jikku Joseph
കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും വാദം തള്ളി; അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിയില്‍ നടന്നത് അസാധാരണ നടപടി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാനാവില്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ജെഡിഎസും കോണ്‍ഗ്രസും സംയുക്തമായി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതി നിര്‍ദേശം. ഇതോടെ ഇന്ന് രാവിലെ 9 മണിക്ക് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം.

അസാധാരണ നടപടിക്കൊടുവില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ്.എ ബോബ്ഡെ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വാദം കേട്ടത്. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്‍ദേശം. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ല.

സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് നാളെ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി യെദ്യൂരപ്പയ്ക്കും ഗവര്‍ണര്‍ക്കും നോട്ടീസ് അയച്ചു. ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള യെദ്യൂരപ്പയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ എത്തിയത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയുടെ നേതാവ് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കത്ത് സമര്‍പ്പിച്ചിരുന്നു. രാത്രി 9.30 യോടെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് നാടകീയ രംഗങ്ങള്‍ തുടങ്ങിയത്. ഇക്കാര്യം ചോദ്യം ചെയ്തു കൊണ്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തിയത്.

ഗവര്‍ണറുടെ തീരുമാനം അടിയന്തിരമായി സ്റ്റേ ചെയ്യണം യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തടയണമെന്നുമായിരുന്നു ആവശ്യം. രാവിലെ സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ അസാധാരണ സാഹചര്യം നിലനില്‍ക്കുന്നെന്നും രാത്രി തന്നെ ഹര്‍ജി പരിഗണിക്കണമെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. ഇന്ന് രാവിലെ 9.30 യ്ക്ക് സത്യപ്രതിജ്ഞ നടക്കാനിരിക്കെ രാത്രി വൈകിയും കോണ്‍ഗ്രസ് കോടതിയില്‍ എത്തുകയായിരുന്നു.

കോണ്‍ഗ്രസിനായി അഭിഷേക് സിംഗ്വിയും ബി.ജെ.പിയ്ക്കായി മുകുള്‍ റോഹത്ഗിയുമായിരുന്നു ഹാജരായത്. കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദിച്ചു. പുലര്‍ച്ചെ രണ്ടു മണി മുതല്‍ മൂന്ന് മണിക്കൂറാണ് വാദം കേട്ടത്. രൂക്ഷമായ വാദമാണ് കോടതിയില്‍ നടന്നത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ ബി.ജെ.പിയ്ക്ക് അനുമതി നല്‍കിയതും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് കോടതിയില്‍ എത്തിയത്.

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യുക, ഗവര്‍ണറുടെ നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടു ഹര്‍ജികളാണ് കോണ്‍ഗ്രസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് മുന്നിലെത്തിയത്. സത്യപ്രതിജ്ഞ 15 ദിവസത്തേക്ക് നീക്കി വെയ്ക്കണമെന്നു ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് സിംഗ്വിയുടെ വാദം വ്യക്തമായ തെളിവില്ലാതെ എങ്ങിനെ ഇടപെടാനാകും എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ നല്‍കാനുള്ള ആവശ്യം തള്ളിയ കോടതി യെദ്യൂരപ്പയുടെ മുഖ്യമന്ത്രി പദം കോടതിയുടെ നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും കേസ് തുടരുമെന്നും വ്യക്തമാക്കി.

ഗവര്‍ണസുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ഇടപെടണമെന്നും സിംഗ്വി ആവശ്യപ്പെട്ടു. ബി.ജെ.പിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതും അവര്‍ക്ക് 15 ദിവസം ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കിയതും സിംഗ്വി ചോദ്യം ചെയ്തു. ഭൂരിപക്ഷം കാണിക്കാന്‍ ഏഴു ദിവസത്തെ സാവകാശമാണ് നല്‍കുന്നത് എന്നതിനാല്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും തീരുമാനം സംസശയാസ്പദമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി ബി.ജെ.പി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കാണണമെന്ന ആവശ്യപ്പെട്ടു. കേസിലെ വിശദമായ വാദം വെള്ളിയാഴ്ച 10.30 യോടെ പരിഗണിക്കാമെന്നും പറഞ്ഞു.

English summary
congress, jds move supreme court seeking urgent hearing from CJI
topbanner

More News from this section

Subscribe by Email