ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങളില്‍ വീരമൃത്യു വരിക്കുന്ന സൈനികരുടെ മക്കളുടെ പഠനാവശ്യത്തിന് മുഴുവന്‍ തുകയും നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ നല്കി വന്നിരുന്ന ആനുകൂല്യം 2017 മുതല്‍ 10,000 രൂപയാക്കി വെട്ടിക്കുറച്ചിരുന്നു. സൈനികരുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്കോളര്‍ഷിപ്പ് പരിധി സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
സൈനിക നടപടിക്കിടെ ഓഫീസര്‍ റാങ്കിന് താഴെയുള്ള വ്യക്തികളെ കാണാതാവുകയോ, അംഗഭംഗം വരികയോ, കൊല്ലപ്പെടുകയോ ചെയ്യുന്നവരുടെ മക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ പദ്ധതിക്ക് കീഴില്‍ ഏതാണ്ട് 3400 കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനായി അഞ്ച് കോടി രൂപയാണ് നിലവില്‍ സര്‍ക്കാരിന് ചിലവ്.
കഴിഞ്ഞ വര്‍ഷം വരെ 2679 വിദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. 1971ല്‍ ബംഗ്ലാദേശ് യുദ്ധത്തില്‍ വീരമൃത്യു അടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യം എന്ന നിലയിലാണ് ഈ ആനുകൂല്യം ഏര്‍പ്പെടുത്തിയത്.