ചെന്നൈ ആറുംബാക്കം ബാല വിനയ്നഗര് ക്ഷേത്രത്തില്‍ ഞായറാഴ്ച ദര്‍ശനം നടത്താനെത്തിയ ഭക്തര്‍ ആദ്യം ഒന്നമ്പരന്നു. സാധാരണ നിലയില്‍ പൂക്കള്‍ അര്‍പ്പിച്ച് പൂജ ചെയ്യുന്ന ക്ഷേത്രത്തില്‍ അന്ന് നോട്ടുകള്‍ കൊണ്ടാണ് അലങ്കാരങ്ങള്‍ ഒരുക്കിയത്.
200, 500, 2000 രൂപ നോട്ടുകള്‍ ഉപയോഗിച്ചാണ് ചുമരും, മേല്‍ക്കൂരയും അലങ്കരിച്ചത്. തമിഴ്നാട് പുതുവര്‍ഷത്തിന്റെ ഭാഗമായാണ് ഈ അലങ്കാരങ്ങള്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ അകത്ത് കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിക്കാന്‍ നാല് ലക്ഷം ചെലവാക്കിയെന്നാണ് പറയപ്പെടുന്നത്.
പുത്താണ്ട് എന്നറിയപ്പെടുന്ന പുതുവര്‍ഷ ദിനത്തില്‍ എല്ലാ വര്‍ഷവും ഈ ക്ഷേത്രത്തില്‍ നോട്ടുകള്‍ കൊണ്ടുള്ള അലങ്കാരം ചെയ്യാറുണ്ട്. അതേസമയം നോട്ടുകള്‍ ഒറിജിനലാണോ, വ്യാജനോയെന്ന് വ്യക്തമല്ല. വിഗ്രഹത്തിലേക്കുള്ള വഴിയും നോട്ടുകളാല്‍ അലങ്കരിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പരിപാടി അത്ര നന്നല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ദിവസേന ആളുകള്‍ കാശില്ലാതെ വിശന്ന് നടക്കുമ്പോള്‍ അലങ്കാരത്തിനായി ഇതൊക്കെ ചെയ്യുന്നതിനെ എങ്ങിനെ ന്യായീകരിക്കും എന്നാണ് ചോദ്യം.