ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പോക്സോ നിയമം ഭേദഗതി ചെയ്യാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കുറ്റവാളികള്‍ക്ക് വധശിക്ഷ ലഭിക്കുന്നതിനായി പോക്സോ നിയമം ഭേദഗതി ചെയ്യുമെന്ന് നേരത്തെ കേന്ദ്രമന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാജ്യത്തെങ്ങും കുട്ടികള്‍ക്കെതിരെ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളില്‍ അതീവ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിപരമായും തന്റെ മന്ത്രാലയവും പോക്സോ നിയമത്തില്‍ ഭേദഗതിക്കു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പൊതുതാത്പര്യ ഹര്‍ജിയില്‍ ഏപ്രില്‍ 27ന് അടുത്ത വാദം കേള്‍ക്കും.