Tuesday November 20th, 2018 - 5:09:pm
topbanner

മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള മാര്‍ഗരേഖ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

Jikku Joseph
മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള മാര്‍ഗരേഖ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സ്ഥിരമായി റദ്ദാക്കാനുള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തീരുമാനത്തിനെതിരെ മാധ്യമ പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള നിയമഭേദഗതി പ്രധാനമന്ത്രി ഇടപെട്ട് പിന്‍വലിച്ചത്.

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ ഭരണഘടനാ സംവിധാനങ്ങളുണ്ട്. ഈ ഉത്തരവ് മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും മാധ്യമങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരല്ല, പ്രസ് കൗണ്‍സിലാണ് തീരുമാനം എടുക്കേണ്ടതെന്നുമുള്ള വിമര്‍ശനങ്ങള്‍ നേരിട്ടതോടെയാണ് പ്രധാന മന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.

തിങ്കളാഴ്ച്ച വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്ന കാര്യം അറിയിച്ചത്. മാധ്യമങ്ങളില്‍ വന്നത് വ്യാജവാര്‍ത്തയാണെന്ന പരാതി ഉയര്‍ന്നാല്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നായിരുന്നു അറിയിച്ചത്. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി സര്‍ക്കാര്‍ കൈമാറി ഉപദേശം തേടും. തുടര്‍ന്ന് നടപടി കൈക്കൊള്ളാനായിരുന്നു തീരുമാനം.

ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറു മാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും വാര്‍ത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ജനാധിപത്യത്തെ ഹനിക്കുന്നതിന് തുല്യമാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് പ്രരികരിച്ചിരുന്നു. സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ മാത്രമായിരിക്കും ഇനി ലഭിക്കുക. രാജ്യം സ്വതന്ത്ര മാധ്യമ ധര്‍മ്മത്തില്‍ വിശ്വസിക്കുന്നു. അത് തുടരുക തന്നെ വേണമെന്നും കേന്ദ്ര മാര്‍ഗരേഖയെ കുറിച്ച് ഷീല ദീക്ഷിത് പ്രതികരിച്ചു.

English summary
centre decided to withdraw journalist accreditation ban on fake-news
topbanner

More News from this section

Subscribe by Email