Thursday November 15th, 2018 - 6:11:pm
topbanner

പണത്തോടുള്ള ആര്‍ത്തി തീരാതെ കോണ്‍ഗ്രസ് സമാജികര്‍; ഫാസിസത്തിനെതിരെയുള്ള പോരാട്ടം ഇങ്ങനെയോ?

NewsDesk
പണത്തോടുള്ള ആര്‍ത്തി തീരാതെ കോണ്‍ഗ്രസ് സമാജികര്‍; ഫാസിസത്തിനെതിരെയുള്ള പോരാട്ടം ഇങ്ങനെയോ?

ബെംഗളുരു: കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ വലിയ അഴിമതി പാര്‍ട്ടിയാണെന്ന ആരോപണം നേരത്തെ തന്നെ പല അവസരങ്ങളിലും കേട്ടതാണ്. അത് ഒരിക്കല്‍ക്കൂടി തെളിയുകയാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളിലൂടെ.

പണം എത്രകിട്ടിയാലും മതിവരാത്തവരെ പോലെയാണ് ഇപ്പോള്‍ സാമാജികര്‍. പ്രലോഭിപ്പിക്കാന്‍ ബിജെപി ഉള്ളപ്പോള്‍ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടില്‍ ഒളിപ്പിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നുപറയാം.

എംഎല്‍എമാരെ സ്വതന്ത്രരാക്കിയാല്‍ അവര്‍ കോടികള്‍ കൈപ്പറ്റി ബിജെപി പാളയത്തിലേക്ക് പോകുമെന്ന സൂചനതന്നെയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കുന്നത്.

ദേശീയ തലത്തില്‍ ബിജെപിയെ പ്രതിപക്ഷ കൂട്ടായ്മയോടെ നേരിടണമെന്ന് കോണ്‍ഗ്രസ് തന്നെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവരുടെ സാമാജികര്‍ തന്നെ പ്രലോഭനത്തില്‍ വഴങ്ങി ബിജെപിയിലേക്ക് ചേക്കേറുകയാണ്.

പണമൊഴുക്കാന്‍ ബിജെപിയും പണം വാങ്ങാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളിലെ നേതാക്കളും ഉള്ളപ്പോള്‍ ഫാസിസത്തിനെതിരായ പോരാട്ടം എങ്ങനെയാണ് ഫലപ്രദമാവുകയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

കര്‍ണാടകത്തില്‍ ഇപ്പോള്‍തന്നെ പത്തോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പ്രലോഭനത്തില്‍ വീണു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ രണ്ടുപേര്‍ ഏതാണ്ട് കാലുമാറ്റം ഉറപ്പു നല്‍കിയിട്ടുമുണ്ട്.

മുഴുവന്‍ എംഎല്‍എമാരെയും സ്വതന്ത്രരാക്കിയാല്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പം വരുമെന്ന് ബിജെപി അവകാശപ്പെടുന്നു. എന്തായാലും, സമാജികരെ റിസോര്‍ട്ടില്‍ തളച്ചിട്ടായാലും ബിജെപിയെ അധികാരത്തില്‍നിന്നും അകറ്റാനാണ് കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ ശ്രമം.

പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍ പാര്‍ട്ടിയും തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളുമാണ് വലുതെന്ന് പറയാന്‍ എംഎല്‍എമാര്‍ക്ക് കഴിയാത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവാരത്തകര്‍ച്ച തന്നെയാണ് ബോധ്യപ്പെടുത്തുന്നത്.

Read more topics: BJP, money, karnataka, congress
English summary
BJP trying to use money power in karnataka
topbanner

More News from this section

Subscribe by Email