Tuesday May 22nd, 2018 - 1:33:pm
topbanner

യെദ്യൂരപ്പയുടെ മുഖ്യമന്ത്രിസ്ഥാനം ഭരണഘടനയോടുള്ള പരിഹാസമെന്ന് രാഹുല്‍ ഗാന്ധി

Jikku Joseph
യെദ്യൂരപ്പയുടെ മുഖ്യമന്ത്രിസ്ഥാനം ഭരണഘടനയോടുള്ള പരിഹാസമെന്ന് രാഹുല്‍ ഗാന്ധി

ബംഗളൂരു: ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് കര്‍ണാടകത്തില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിയുടേത് യുക്തിഹീനമായ ശാഠ്യമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ബി.ജെ.പി വിജയം ആഘോഷിക്കുകയാണെങ്കില്‍ ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം ദുഃഖിക്കുകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തത്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വിധാന്‍ സൗധത്തിലെ ഗാന്ധിപ്രതിമയ്ക്കരികില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചുവരികയാണ്.

ഗുലാംനബി ആസാദ്, അഷോക് ഗെഹ്ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. എംഎല്‍എമാരും ഇങ്ങോട്ടേക്കെത്തി സമരത്തില്‍ പങ്കാളികളാകുമെന്നാണ് സൂചന. പുലര്‍ച്ചെ വരെ നീണ്ട നടപടികള്‍ക്കൊടുവില്‍ സുപ്രീം കോടതി നല്‍കിയ ദയാവായ്പിന്റെ തണലിലാണ് മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേറ്റത്.


104 എം.എല്‍.എമാരുടെ പിന്തുണയോടെ മാത്രമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ യെദ്യൂരപ്പയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. സത്യപ്രതിജ്ഞ മാറ്റിവയ്ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

English summary
bjp making a mockery of constitution in karnataka says rahul gandhi

More News from this section

Subscribe by Email