പല സംസ്ഥാനങ്ങളിലും എടിഎമ്മുകളില്‍ പണമില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി. ചില പ്രദേശങ്ങളില്‍ അസാധാരണമായ രീതിയില്‍ ആവശ്യക്കാരുടെ എണ്ണമേറിയത് മൂലാണ് നോട്ട് ക്ഷാമം നേരിട്ടതെന്നും ഇത് താല്‍ക്കാലികമാണെന്നും ജെറ്റ്ലി വ്യക്തമാക്കി.
രാജ്യത്തെ കറന്‍സി ലഭ്യത വിലയിരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആവശ്യത്തില്‍ അധികം കറന്‍സി വിനിമയത്തിലുണ്ട്. ബാങ്കുകളുടെ പക്കലും കറന്‍സി ലഭ്യമാണ്. ചില പ്രദേശങ്ങളില്‍ ഉയര്‍ന്ന ആവശ്യം മൂലമുള്ള ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടും, ധനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
ചില സംസ്ഥാനങ്ങളില്‍ കറന്‍സി ലഭ്യത കുറവും മറ്റ് ചില സംസ്ഥാനങ്ങളില്‍ കറന്‍സി കൂടുതലും കൈകാര്യം ചെയ്യുന്നതായി സഹമന്ത്രി എസ്പി ശുക്ല പറഞ്ഞു. പ്രശ്നം മൂന്ന് ദിവസത്തിനുള്ളില്‍ സാധാരണ നിലയിലേക്ക് മടങ്ങാനുള്ള നടപടികള്‍ സര്‍ക്കാരും, റിസര്‍വ്വ് ബാങ്കും സ്വീകരിക്കുന്നുണ്ട്.
സംസ്ഥാനങ്ങള്‍ തമ്മില്‍ കറന്‍സി ട്രാന്‍സ്ഫര്‍ നടത്തി പ്രതിസന്ധി ഒഴിവാക്കാനാണ് ശ്രമം. ഡല്‍ഹി, യുപി, തെലങ്കാന, ഗുജറാത്ത്, ചത്തീസ്ഗഢ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് എടിഎമ്മുകള്‍ കാലിയായത്.