Monday November 19th, 2018 - 2:53:pm
topbanner

അരുണ്‍ ജയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന്

Jikku Joseph
അരുണ്‍ ജയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന്

ന്യൂഡല്‍ഹി: വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനായി അദ്ദേഹത്തെ വെള്ളിയാഴ്ച ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.

വൃക്കദാതാവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ജെയ്റ്റ്ലി തിങ്കളാഴ്ച മുതല്‍ അവധിയിലായിരുന്നു. ജെയ്റ്റ്ലിയുടെ കുടുംബ സുഹൃത്തും എയിംസ് ഡയറക്ടറും രണ്‍ദീപ് ഗുലേറിയയുടെ സഹോദരനുമായ ഡോ. സന്ദീപ് ഗുലേറിയയായിരിക്കും ശസ്ത്രക്രിയ നടത്തുക. അദ്ദേഹമിപ്പോള്‍ അപ്പോളോ ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധനാണ്.

2014-ല്‍ ജെയ്റ്റ്ലി അമിതവണ്ണത്തിനുള്ള ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആദ്യം ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ സങ്കീര്‍ണത ഉണ്ടായതുകാരണം എയിംസിലേക്ക് മാറ്റിയാണ് ചികിത്സ തുടര്‍ന്നത്. അതിനുമുമ്പ് ജെയ്റ്റ്ലിക്ക് ഹൃദയ ശസ്ത്രക്രിയയും നടത്തിയിരുന്നു.

കടുത്ത പ്രമേഹത്തിനും ഹൃദയരോഗത്തിനും ഒപ്പം കിഡ്‌നിയുടെ പ്രവര്‍ത്തനം കൂടി തകരാറിലായതാണ് ജെയ്റ്റ്‌ലിയുടെ ആരോഗ്യനില വഷളാക്കിയത്. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന പത്താം ഇന്ത്യ-യു.കെ. സാമ്പത്തിക, ധനകാര്യചര്‍ച്ച ഇക്കാരണത്താല്‍ അദ്ദേഹം റദ്ദാക്കിയിരുന്നു. അറുപത്തഞ്ചുകാരനായ ജെയ്റ്റ്ലിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍മാര്‍ വീട്ടിലെത്തി പരിശോധിച്ചു വരികയായിരുന്നു.

ശസ്ത്രക്രിയ അനിവാര്യമാണെന്ന ഡോക്ടര്‍മാര്‍ ഇന്നലെയാണ് അറിയിച്ചത്. ഇതോടെ മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ അദ്ദേഹം ഓഫീസില്‍ വരുന്നില്ല. ഉത്തര്‍ പ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരോ ആയ 58 അംഗങ്ങളില്‍ 55 പേരും സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തില്‍ നിന്നുള്ള എംപി.യായ ജെയ്റ്റ്ലിയുടെ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും എംപിയാകേണ്ടി വന്നത്.

ഇതിനിടെയാണ് അസുഖം കലശലായത്. കഴിഞ്ഞദിവസങ്ങളിലെ അദ്ദേഹത്തിന്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ഏപ്രില്‍ 12-നാണ് നയരൂപവത്കരണ സ്ഥാപനമായ ലണ്ടനിലെ ഛാത്തം ഹൗസില്‍ ജെയ്റ്റ്ലി പ്രഭാഷണം നടത്തേണ്ടിയിരുന്നത്. ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ കഴിഞ്ഞമാസം അര്‍ജന്റീനയില്‍ നടത്തിയ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

English summary
arun jaitley admitted to aiims, to undergo surgery
topbanner

More News from this section

Subscribe by Email