വാരാണസി: വാരാണസിയില്‍ അര്‍ജന്റീനക്കാരിയായ യുവതിയെ ഒരു സംഘം ആക്രമിച്ച് കൊള്ളയടിച്ചതായി പരാതി. അസ്സിഘട്ടില്‍ മൂന്ന് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സന്നദ്ധസംഘടയില് പ്രവര്‍ത്തിക്കുന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം ഗംഗാ തീരത്താണ് സംഭവം.
പത്തു വര്‍ഷത്തോളമായി ഭടൈനിയില് താമസക്കാരിയാണ് ആക്രമണിത്തിനിരയായ സ്ത്രീ. വൈകുന്നേരങ്ങളില്‍ ഗംഗാ തീരത്ത് ധ്യാനത്തിനായി പോകാറുള്ള ഇവരെ പിന്തുടര്ന്നെത്തിയ സംഘം ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് സൂപ്രണ്ട് ദിനേശ് കുമാര്‍ സിങ് പറഞ്ഞു.
ജപ്പാനില്‍ നിന്നുള്ള ടൂറിസ്റ്റിനെ വാരാണസിയില്‍ വെച്ച് ഒരു സംഘം ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. ആഗ്രയില്‍ നിന്ന് വാരാണസിയിലെത്തിയ ഇയാളെ ടൂറിസ്റ്റ് ഗൈഡ് ആണെന്ന വ്യാജേന സമീപിച്ച അക്രമി, മയക്കുമരുന്ന് നല്കിയ ശേഷം കൊള്ളയടിക്കുകയായിരുന്നു.