Monday December 10th, 2018 - 5:15:pm
topbanner

ഇന്ത്യക്ക് പ്രാധാന്യം ചര്‍ച്ചയല്ലെന്ന് പാക് വിദേശകാര്യ മന്ത്രി

Aswani
ഇന്ത്യക്ക് പ്രാധാന്യം ചര്‍ച്ചയല്ലെന്ന് പാക് വിദേശകാര്യ മന്ത്രി

ലഹോര്‍: ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി പാക്കിസ്ഥാന്‍. ചര്‍ച്ചയെക്കാള്‍ ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത് മറ്റ് ചില കാര്യങ്ങള്‍ക്കാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കരുതെന്നാണ് ദില്ലിയിലെ ഒരു ഗ്രൂപ്പിന്റ ലക്ഷ്യമെന്നും ഖുറേഷി പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യ ചര്‍ച്ച നടത്താനുള്ള പാക്കിസ്ഥാന്റെ ക്ഷണത്തോട് അനുകൂലമായല്ല പ്രതികരിച്ചതെന്നും അടുത്ത വര്‍ഷം അവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണിതെന്നും ഖുറേഷി ആരോപിച്ചു.

മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ ജമ്മു കശ്മീരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വധിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. ഇമ്രാന്‍ ഖാന്റെ തനിസ്വരൂപം അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്തു വന്നെന്നും ഇന്ത്യ വ്യക്തമാക്കി.

പോലീസ് സേനയില്‍ നിന്ന് കശ്മീരികളായ ഉദ്യോഗസ്ഥര്‍ രാജിവെച്ച് പുറത്തു വരണമെന്ന്  തീവ്രവാദികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി വധിച്ചത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി രാജിവയ്പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്. മൂന്ന് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയാണ് കശ്മീരിലെ ഷോപിയാനിന്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.

ന്യൂയോര്‍ക്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉള്ള ചര്‍ച്ച നടത്താമെന്ന് ഇമ്രാന്‍ ഖാന്‍ അയച്ച കത്ത് പരിഗണിച്ചാണ് ഇന്ത്യ സമ്മതിച്ചത്. എന്നാല്‍, ഇതിനിടയില്‍ കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആക്രമണം തുടര്‍ന്നതോടെയാണ് ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറാന്‍ തീരുമാനിച്ചത്.

പാക്കിസ്ഥാന്‍ മാറി ചിന്തിക്കുകയാണെന്നും ഇതൊരു പുതിയ തുടക്കമായിരിക്കുമെന്നും ഇമ്രാന്‍ഖാന്റെ കത്ത് ലഭിച്ചപ്പോള്‍ ഞങ്ങള്‍ കരുതി. എന്നാല്‍, ഗൂഢലക്ഷ്യങ്ങളോടെയായിരുന്നു ചര്‍ച്ചകള്‍ക്കായുള്ള ക്ഷണമെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു എന്ന് ചര്‍ച്ചകള്‍ റദ്ദാക്കിയ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് വിദേശകാര്യ വക്താവ് അറിയിച്ചു.

English summary
Pakistan foreign minister said India is not interested in discussion with Pakistan
topbanner

More News from this section

Subscribe by Email