Sunday November 18th, 2018 - 2:21:pm
topbanner

അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പണമില്ല; മകന്റെ മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്ത് ഒരമ്മ

news desk
അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പണമില്ല; മകന്റെ മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്ത് ഒരമ്മ

മണ്ണിന്റെ മക്കളാണ് ആദിവാസികള്‍, കാടിന്റെ യഥാര്‍ത്ഥ അവകാശികള്‍. കാടും മലയും വികസനത്തിന്റെ പേരില്‍ പിടിച്ചെടുത്തപ്പോള്‍ തങ്ങളുടെ യഥാര്‍ത്ഥ സത്വം ഉപേക്ഷിച്ച് അനാഥരായവര്‍. ലോകത്ത് എവിടെ ചെന്നാലും ആദിവാസികളുടെ സ്ഥിതി ഇതുതന്നെയാണ്. ചത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ ആദിവാസിയായ ഒരു അമ്മയ്ക്ക് നിര്‍വ്വഹിക്കേണ്ടി വന്നത് മറ്റാര്‍ക്കും ചെയ്യാന്‍ ത്രാണിയില്ലാത്ത ഒരു കര്‍മ്മമായിരുന്നു. അപകടത്തില്‍ മരിച്ച മകന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ലാതെ മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്യുകയാണ് ഇവര്‍ ചെയ്തത്.

ജഗദല്‍പൂരിലെ ആശുപത്രിയില്‍ വെച്ചാണ് 21കാരനായ ബാമന്‍ മരണപ്പെട്ടത്. ഒരു അജ്ഞാത വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയായിരുന്നു. പക്ഷെ മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള പണം പോലും തന്റെ കൈയില്‍ ഉണ്ടായിരുന്നില്ലെന്ന് അമ്മ സുധാരി ഭായി പറയുന്നു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനും പണം ആവശ്യമായിരുന്നു. ആരും സഹായിക്കാന്‍ എത്തിയില്ല. ഇതോടെയാണ് ആശുപത്രിക്ക് മൃതദേഹം ദാനം ചെയ്യാന്‍ കഴിയുമെന്ന് ഒരാള്‍ ഇവരെ അറിയിച്ചത്. ഈ നിര്‍ദ്ദേശം അംഗീകരിച്ച് സുധാരി ഭായി മകന്റെ മൃതദേഹം ആശുപത്രിക്ക് ദാനം ചെയ്തു.

ജഗദല്‍പൂരില്‍ നിന്നും 20 കി.മീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് ഈ കുടുംബം കഴിഞ്ഞുവന്നിരുന്നത്. സുധാരി ഭായിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. കൃഷിക്കാരനായ മകനായിരുന്നു ഇവരുടെ ഏക ആശ്രയം. ജഗദല്‍പൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി ഇന്‍ചാര്‍ജ്ജ് മംഗള്‍ സിംഗാണ് മൃതദേഹം ദാനം ചെയ്യാന്‍ ഇവരോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ സാധുവായ ഒരു സ്ത്രീയുടെ അവസ്ഥ ചൂഷണം ചെയ്ത് പഠിക്കാന്‍ മൃതദേഹം ഒപ്പിക്കുകയാണ് മെഡിക്കല്‍ കോളേജ് ചെയ്തതെന്നാണ് ആരോപണം ഉയരുന്നത്.

ദാരിദ്ര്യത്തില്‍ കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് യാതൊരു സഹായം ലഭിക്കുന്നില്ലെന്ന വസ്തുതയിലേക്ക് ഒരിക്കല്‍ കൂടി വെളിച്ചം വീശുകയാണ് ഈ സംഭവം. എന്നാല്‍ മാധ്യമങ്ങള്‍ സംഭവത്തിന്റെ നെഗറ്റീവ് മാത്രമാണ് കാണുന്നതെന്ന് ജില്ലാ കളക്ടര്‍ ധനഞ്ജയ് ദേവാംഗന്‍ അവകാശപ്പെടുന്നു. ഈ സ്ഥലത്ത് മൃതദേഹം പഠിക്കാന്‍ ദാനം ചെയ്യുന്നത് വളരെ അപൂര്‍വ്വമായ കാര്യമാണെന്നും സ്ത്രീ ചെയ്തത് മഹത്തായ കാര്യമാണെന്നുമാണ് കളക്ടറുടെ വാദം. മൃതദേഹം വീട്ടില്‍ കൊണ്ടുപോകാന്‍ സഹായം ലഭിക്കാതിരുന്നത് എന്ത് കൊണ്ടെന്ന് പോലും ഇദ്ദേഹത്തിന് അറിവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 

Read more topics: donate, deadbody, mother, hospital
English summary
No money to perform last rites woman donates sons body to hospital
topbanner

More News from this section

Subscribe by Email