കുല്ഭൂഷന് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.കേസില്‍ വാദം കേള്‍ക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന വാദം തള്ളിയ കോടതി വിയന്ന കരാര്‍ ലംഘനമില്ലെന്നും വിലയിരുത്തി. കല്ഭൂഷണന് നയതന്ത്ര സഹായം നല്കാന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുതെന്ന വിധി പാകിസ്താന് കനത്ത തിരിച്ചടിയാണ്. കല്ഭൂഷണ് ജാദവ് ചാരപ്രവര്‍ത്തനം നടത്തിയെന്ന് തെളിയിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുതെന്ന് കോടതി ഉത്തരവിട്ടു. '
പാകിസ്താന് കോടതിയിലെ നടപടികള്‍ തുടരാം. കോടതിയിലെ നടപടിക്രമങ്ങള്‍ അന്താരാഷ്ട്ര കോടതിയെ അറിയിക്കണം. കുല്ഭൂഷണ് ഇന്ത്യന്‍ പൌരനാണെന്ന വസ്തുത ഇന്ത്യയും പാകിസ്താനും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
11 ജഡ്ജിമാരടങ്ങിയ കോടതി തിങ്കളാഴ്ച്ചയാണ് ഇരുരാജ്യങ്ങളുടേയും വാദം കേട്ടത്.കുല്ഭൂഷന് ജാദവിനെ ചാരകുറ്റം ആരോപിച്ച് തൂക്കിലേറ്റാനുള്ള പാക്കിസ്ഥാന് സൈനിക കോടതിയുടെ വിചാരണ അപഹാസ്യമാണെന്നായിരുന്നു ഇന്ത്യ അന്തര്‍ദേശിയ നീതിന്യായ കോടതിയില്‍ വാദിച്ചത്. നയതന്ത്രഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണെ കാണാന്‍പോലും അനുമതി നിഷേധിച്ച പാക്കിസ്ഥാന് വിയന്ന ഉടമ്പടിയുടെ നഗ്നമായ ലംഘനം നടത്തിയെന്നും ഇന്ത്യ വാദിച്ചിരുന്നു.
കുല്‍ഭൂഷണെതിരെയുള്ള കുറ്റങ്ങള്‍ സംബന്ധിച്ചോ അറസ്റ്റ് സംബന്ധിച്ചോ അറിയിച്ചിരുന്നില്ലയെന്ന ഇന്ത്യയുടെ വാദം പക്ഷെ പാക്കിസ്ഥാന് എതിര്‍വാദത്തില്‍ നിഷേധിച്ചു. ഇന്ത്യക്ക് തെളിവുകള്‍ കൈമാറിയെങ്കിലും പ്രതികരിച്ചില്ലെന്നായരുന്നു പാക്ക് വാദം. ഒപ്പം തന്നെ കുല്ഭൂഷണ് ജാദവ് കുറ്റസമ്മതം നടത്തിയതായും പാക്കിസ്ഥാന് അവകാശപ്പെട്ടു. കുല്ഭൂഷണ് വധശിക്ഷ വിധിച്ചത് ചാരകുറ്റത്തിനല്ലെന്നും തീവ്രവാദപ്രവര്‍ത്തനം നടത്തിയതിനാണെന്നും വാദിച്ച പാക്കിസ്ഥാന് വിയന്ന ഉടമ്പടി തീവ്രവാദത്തെകുറിച്ച് പറയുന്നില്ലെന്നും വാദിച്ചു. അതിനാല്‍ വിയന്നകരാര്‍ ലംഘിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നീതിന്യായകോടതിക്ക് അധികാരപരിധിയില്ലെന്നും പറഞ്ഞു.
സമാനമായ 3 കേസുകളില്‍ അന്താരാഷ്ട്ര കോടതിയുടെ വിധികള്‍ പുറപ്പെടുവിച്ചതും വാദത്തിനിടെ ഇന്ത്യ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കേസില്‍ വിധി പുറപ്പെടുവിക്കുന്നതുവരെ വധശിക്ഷ നടത്താന്‍ പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.