നയന്‍താരയുടെ അറാം എന്ന ചിത്രം കണ്ടവരെല്ലാം ശ്വാസം അടക്കിപ്പിടിച്ചാണ് ആ ചിത്രം കണ്ടുതീര്‍ത്തത്. കുഴല്‍ക്കിണറില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവങ്ങളുമായി സാദൃശ്യമുള്ള കാര്യങ്ങളാണ് മധ്യപ്രദേശിലെ ഉമാരി ഗ്രാമത്തില്‍ അരങ്ങേറിയത്. 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 40 അടി ആഴത്തിലേക്ക് വീണ നാല് വയസ്സുകാരനെയാണ് രക്ഷപ്പെടുത്തിയത്.
ഖാട്ടെഗാവോണിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ നില ഇപ്പോള്‍ സുരക്ഷിതമാണ്. കൃഷിയിടത്തില്‍ തുറന്നുകിടന്ന കുഴല്‍ക്കിണറിലാണ് ആണ്‍കുട്ടി വീണതെന്ന് പോലീസ് വ്യക്തമാക്കി. മാതാപിതാക്കള്‍ അടുത്തുള്ള കൃഷിയിടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. സമാന്തരമായി മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായ എല്ലാവര്ക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നന്ദി പറഞ്ഞു. 40 അടി താഴ്ചയില്‍ കുടുങ്ങിക്കിടന്ന കുഞ്ഞിന് ഓക്സിജന്‍ നല്‍കിയാണ് ജീവന് നിലനിര്‍ത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായവും തേടിയിരുന്നു.