നിര്‍ഭയ സംഭവത്തിന്റെ സ്മരണ രാജ്യം പുതുക്കുന്ന വേളയില്‍ വീണ്ടും ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം. ഷാലിമാര്‍ ബാഗിലെ ബെറിവാല പാര്‍ക്കില്‍ സൂഹൃത്തിനൊപ്പം എത്തിയ 16 വയസ്സുകാരിയാണ് അക്രമത്തിന് ഇരയായത്. ആണ്‍സുഹൃത്തിനെ മൂന്ന് അക്രമികള്‍ ചേര്‍ന്ന് അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു അക്രമം. തുടര്‍ന്ന് ഇവരെ സംഘം കൊള്ളയടിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഇതുവരെ പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
2012 ഡിസംബര്‍ 16ന് 23 വയസ്സുകാരിയായ നിര്‍ഭയയെ അതിക്രൂരമായി പീഡിപ്പിച്ച് ബസില്‍ നിന്നും വലിച്ചെറിഞ്ഞ അഞ്ചാം വാര്‍ഷിക ദിനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. വീട്ടുജോലിക്ക് നില്ക്കുന്ന പെണ്‍കുട്ടി 18 വയസ്സുകാരനൊപ്പമാണ് പാര്‍ക്കിലെത്തിയത്. വൈകുന്നേരം 6.30ഓടെയാണ് മൂന്ന് പേര് ഇവര്‍ക്ക് അരികിലെത്തുന്നത്. സന്ധ്യക്ക് പാര്‍ക്കില്‍ വന്നതിന്റെ പേരില്‍ ഇരുവരെയും അധിക്ഷേപിക്കാന്‍ തുടങ്ങി. ആണ്‍കുട്ടി എതിര്‍ത്തതോടെ സംഘം മര്‍ദ്ദനം ആരംഭിച്ചു.
ആണ്‍കുട്ടിയെ മര്‍ദ്ദിച്ച് വീഴ്ത്തിയ ശേഷമായിരുന്നു പെണ്‍കുട്ടിയോടുള്ള അക്രമം. ആണ്‍കുട്ടി സഹായത്തിനായി കരഞ്ഞ് നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. പുറത്ത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സംഘം സ്ഥലംവിട്ടു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞതിന് ശേഷമാണ് പോലീസില്‍ വിവരം അറിയിച്ചത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കൗണ്‍സലിംഗ് സഹായങ്ങള്‍ നല്കി. പാര്‍ക്കില്‍ ചെടികള്‍ തിങ്ങിവളര്ന്നതും, ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഉപയോഗപ്പെടുത്തി രാത്രി ക്രിമിനല്‍ സംഘങ്ങള്‍ ഇവിടെ താവളമാക്കുന്നതായി പോലീസ് സമ്മതിക്കുന്നു.