Friday August 23rd, 2019 - 2:41:pm
topbanner
topbanner

ബീഡി ആമാശയാര്‍ബുദത്തിന് കാരണമാകുന്നതായി ആര്‍സിസിയുടെ പഠനം

NewsDesk
ബീഡി ആമാശയാര്‍ബുദത്തിന്  കാരണമാകുന്നതായി ആര്‍സിസിയുടെ പഠനം

തിരുവനന്തപുരം: ബീഡിവലി ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളിലെ അര്‍ബുദങ്ങള്‍ക്കു പുറമേ ആമാശയാര്‍ബുദങ്ങള്‍ക്കും കാരണമാകുന്നതായി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കേരളത്തില്‍  അര്‍ബുദരോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ പുകയിലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപഭോഗം പ്രധാനകാരണങ്ങളിലൊന്നാണെന്ന നിഗമനത്തെ ഇത് ശക്തിപ്പെടുത്തുന്നതായി ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 
പുകവലിക്കാത്തവരെ അപേക്ഷിച്ച് ബീഡി ഉപഭോക്താക്കള്‍ക്ക് ആമാശയസംബന്ധ അര്‍ബുദത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് ഗാസ്‌ട്രോഎന്ററോളജിയില്‍ പ്രസിദ്ധീകരിച്ച  പഠനം വ്യക്തമാക്കുന്നു. ബീഡിയുടെ എണ്ണത്തേയും ഉപഭോഗ കാലയളവിനേയും ആശ്രയിച്ചാണ് ആമാശയസംബന്ധിയായ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിക്കുന്നതെന്ന് 'പുകയില, മദ്യ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും ഇന്ത്യയിലുമുള്ള  ആമാശയാര്‍ബുദ സാധ്യത' എന്ന പഠനം സൂചിപ്പിക്കുന്നു. 1990-2009 കാലയളവില്‍ കൊല്ലം ജില്ലയിലെ തീരദേശമേഖലയായ കരുനാഗപ്പള്ളിയില്‍ 30 നും 84 വയസ്സിനും ഇടയിലുള്ള 65,553 പുരുഷന്‍മാരെയാണ് പഠന വിധേയരാക്കിയത്. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ പഠനം ഈ മേഖലയില്‍ അനിവാര്യമാണെന്നും ഡോ. പോള്‍ പറഞ്ഞു.
 
കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 155 പേരില്‍ പുതുതായി അര്‍ബുദം കണ്ടുവരുന്നുണ്ട്. ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയ പുരുഷന്‍മാരില്‍  42 ശതമാനം അര്‍ബുദത്തിനും കാരണം പുകവലിയാണ്. സ്വാതന്ത്ര്യം ലഭിച്ച കാലഘത്തില്‍ 50 വയസ്സായിരുന്നു മനുഷ്യന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം. ഇപ്പോള്‍ 75 ആയി വര്‍ദ്ധിച്ചിരിക്കുന്നു. ആയൂര്‍ദൈര്‍ഘ്യ വര്‍ദ്ധനവിനു പുറമേ പുകവലിയാണ് അര്‍ബുദത്തിന് പ്രധാന കാരണമെന്നും പഠനത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡോ. വ്യക്തമാക്കി.
 
പുകയില നിയന്ത്രണ നിയമത്തിന്റെ കൃത്യമായ നടപ്പാക്കലിന്റേയും  ബീഡിയുടേയും മറ്റു പുകയില ഉല്‍പ്പന്നങ്ങളുടേയും വ്യാപക ഉപഭോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അവബോധത്തിന്റേയും ആവശ്യകതയും ഭാരിച്ച നികുതി ചുമത്തി പുകയിലയുടെ ഉപഭോഗം കുറയ്ക്കുന്നതിന്റെ അനിവാര്യതയും പഠനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഉന്നയിച്ചു.  
 
നിലവിലെ പഠനം ആമാശയാര്‍ബുദ സാധ്യതയാണ്  ഉയര്‍ത്തിക്കാട്ടുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ആര്‍സിസിയിലെ ഡോ. പി ജയലക്ഷ്മി പറഞ്ഞു. പുകവലിക്കാത്തവരെ അപേക്ഷിച്ച്, പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ ബീഡി ഉപഭോഗം ആരംഭിച്ചവരില്‍ രണ്ടും 18-22 വയസ്സിനുള്ളില്‍ ബീഡി ഉപഭോഗം ആരംഭിച്ചവരില്‍ 1.8  ഉം ബീഡി മാത്രം ഉപയോഗിക്കുന്നവരില്‍ 2.2 മാണ് ആമാശയാര്‍ബുദത്തിനുള്ള ആപേക്ഷിക സാധ്യത. കരുനാഗപ്പള്ളിയില്‍ ഉള്‍പ്പെടെ മറ്റു പ്രത്യേക സ്ഥലങ്ങളില്‍ നടത്തിയ ആരോഗ്യസംബന്ധിയായ പഠനങ്ങളില്‍ ശ്വാസകോശം, വായ്, തൊണ്ട, അന്നനാളം  എന്നിവിടങ്ങളിലെ അര്‍ബുദത്തിന്  ബീഡി ഉപഭോഗം കാരണമാകുന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ദുരിതങ്ങളാണ് ബീഡി സമ്മാനിക്കുന്നതെന്നും ഒരിക്കലും ഇത് ആശ്വാസം പ്രദാനം ചെയ്യുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
 
പഠനത്തിന്റെ ഭാഗമായി സാമൂഹിക പശ്ചാത്തലം, ജീവിത ശൈലി ഘടകങ്ങള്‍ എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 1990-97 കാലയളവില്‍ കരുനാഗപ്പള്ളി താലൂക്കിലെ ഓരോ വീടുകളേയും കേന്ദ്രീകരിച്ച് സര്‍വ്വേ നടത്തിയിരുന്നു. സാമൂഹിക-സാമ്പത്തിക പരിസ്ഥിതി, മതം, വിദ്യാഭ്യാസം, വരുമാനം, തൊഴില്‍, മദ്യപാന-പുകവലി ശീലം, ആഹാര ശീലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്ന വിധത്തിലുള്ള ചോദ്യാവലിയാണ് തയ്യാറാക്കിയതെന്നും അവര്‍ വ്യക്തമാക്കി.
 
തൊഴില്‍ മേഖലകളും ആമാശയാര്‍ബുദസാധ്യതയും തമ്മില്‍ അഭേദ്യ ബന്ധമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. കര്‍ഷകരിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവരിലുമായി 51 പേരിലും  മറ്റു ഓഫീസ് ജോലികളില്‍  ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 28 പേരിലും ഉള്‍പ്പെടെ പഠനകാലയളവിന്റെ അവസാനത്തോടെ 116 പേരിലാണ് ആമാശയാര്‍ബുദം കണ്ടെത്തിയത്.
 
കേന്ദ്ര സര്‍ക്കാരിന്റെ ആണവോര്‍ജ്ജ വകുപ്പ്, ജപ്പാനിലെ  ഹെല്‍ത്ത് റിസര്‍ച്ച് ഫൗണ്ടേഷന്റേയും വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ ശാസ്ത്ര പഠനങ്ങള്‍ക്കായുള്ള ഗ്രാന്‍ഡ് ഇന്‍ എയ്ഡ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പഠനം. ആര്‍സിസി അസിസ്റ്റന്റ് പ്രൊഫ. ഡോ.ആര്‍. ജയകൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Beedi causes gastric cancer, finds RCC study
topbanner

More News from this section

Subscribe by Email