Tuesday May 21st, 2019 - 10:39:am
topbanner
topbanner

കേരളത്തില്‍ എല്‍ഡിഎഫ് തരംഗം; 14 ജില്ലകളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് വിഎസ്

NewsDesk
കേരളത്തില്‍ എല്‍ഡിഎഫ് തരംഗം; 14 ജില്ലകളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് വിഎസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം സംസ്ഥാനത്തെ 14 ജില്ലകളിലായി നടത്തിയ പ്രചരണത്തിന്റെ അനുഭവങ്ങളുമായി വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്.

സംസ്ഥാനത്ത് ഇടതു തരംഗം പ്രകടമാണെന്നും ഇടതുപക്ഷം അധികാരത്തിലേറാന്‍ ജനം കാത്തിരിക്കുകയാണെന്നും വിഎസ് പറയുന്നു. അഴിമതിയില്ലാത്ത ഭരണത്തിന് ഇടതുപക്ഷം അധികാരത്തില്‍ വരണം. ജനം ഇടതുപക്ഷത്തിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതെന്നും വിഎസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിഎസ്സിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:

കേരളത്തിന്റെ ഹൃദയത്തിലൂടെ.. ....

കഴിഞ്ഞ രണ്ടാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഞാന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും സഞ്ചരിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിൽ നിന്നാരംഭിച്ച പ്രചരണ പരിപാടി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സമാപിച്ചു. 2800 ലേറെ കിലോമീറ്റര്‍ സഞ്ചരിച്ചു. അറുപത്തിനാല് മഹാസമ്മേളനങ്ങളിൽ പങ്കെടുത്തു. ദേശീയ-സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളിൽ ജനശ്രദ്ധ തേടിക്കൊണ്ടായിരുന്നു ഇവിടങ്ങളിലെല്ലാം ഞാന്‍ സംസാരിച്ചത്.

മുഴുവന്‍ പ്രദേശത്തെയും എൽ.ഡി.എഫ് നേതാക്കള്‍ക്കൊപ്പം നടത്തിയ പ്രചാരണ പരിപാടികളിൽ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ജീവിതം തൊട്ടറിയാൻ കഴിഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍, ദുരിതങ്ങള്‍, അവരുടെ ആവലാതികള്‍, പ്രതീക്ഷകള്‍ - എല്ലാം എനിക്ക് അടുത്തറിയാനായി. സമീപകാല കേരളീയ സാമൂഹ്യ ജീവിതത്തിന്റെ വളവുകളും തിരിവുകളും മുറിവുകളുമൊക്കെ എനിക്ക് നേരിട്ട് ബോധ്യപ്പെടാന്‍ കഴിഞ്ഞു.

ഭിന്നശേഷിക്കാരുടെ പരിദേവനം

ഏപ്രിൽ 20-ന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തു നിന്നായിരുന്നു എന്റെ പ്രചാരണ പരിപാടികള്‍ തുടങ്ങിയത്. ഏപ്രിൽ 19 വരെ ഞാന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തതിനുശേഷം രാത്രി ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വെസ്റ്റ് കോസ്റ്റ് ട്രെയിനിയിൽ കാസര്‍കോട്ടേക്ക് പോവുകയായിരുന്നു. കാസര്‍കോട് എത്തിയപ്പോള്‍ സമയം വെളുപ്പിന് നാലുമണി. അവിടെ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്റെ നേതൃത്വത്തിൽ നൂറോളം എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ എന്നെ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.
കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിൽ എത്തിയതിനുശേഷം പൊടുന്നനെ ഞാന്‍ പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. രാവിലെ 9.30 ഓടെ ആദ്യയോഗം നടക്കുന്ന മഞ്ചേശ്വരത്തേക്ക് യാത്രയാകാന്‍ തയ്യാറെടുക്കുമ്പോഴാണ് രണ്ടു കാലുകളും തളര്‍ന്ന് ചന്തികൊണ്ട് ഇഴഞ്ഞു നടക്കുന്ന നാല്പത് വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് എന്നെ കാണാന്‍ എത്തിയത്. ഭിന്നശേഷിയുള്ള ഉദുമ സ്വദേശി വേണുഗോപാൽ ആയിരുന്നു അത്. പത്തുമാസമായി തനിക്ക് വികലാംഗ പെന്‍ഷന്‍ ലഭിക്കായാതിട്ട് എന്ന പരാതിയാണ് ആ യുവാവ് എന്നോട് പറഞ്ഞത്. ക്ഷേമ പെന്‍ഷനുകളെല്ലാം മുറയ്ക്ക് നൽകുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനിൽക്കുമ്പോഴാണ് വേണുഗോപാലിന്റെ ഈ ദുരിതം ഞാന്‍ കാണുന്നത്. പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് വികലാംഗ പെന്‍ഷന്‍ മാത്രമല്ല, വിധവാ പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ തുടങ്ങി എല്ലാ ക്ഷേമപെന്‍ഷനുകളും മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. അവകാശവാദങ്ങളും അനുഭവങ്ങളും തമ്മിലുള്ള അന്തരം ഞാന്‍ തിരിച്ചറിയുകയായിരുന്നു.

കണ്ണൂരിന്റെ നൊമ്പരം; വയനാടിന്റെയും

അടുത്ത പര്യടനം കണ്ണൂര്‍, വയനാട് ജില്ലകളിലായിരുന്നു. കണ്ണൂര്‍ സ്വഭാവികമായും തന്നെ വളരെ നേരത്തെ തെരഞ്ഞെടുപ്പിന്റെ ചൂടിൽ ഇളകി മറിയുകയായിരുന്നു. കണ്ണൂരിന്റെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ വെയിലും, ചൂടുമേറ്റ് മാത്രമല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ കൊണ്ടും കരിഞ്ഞുണങ്ങിയ പാടങ്ങളും, തൊടികളും കാണാമായിരുന്നു. വയനാട്ടിലെ പുൽപ്പള്ളിയിൽ കുടിക്കാനോ, കുളിക്കാനോ പോയിട്ട് മുഖമൊന്ന് കഴുകാനുള്ള വെള്ളം പോലും കിട്ടാതെ ജനങ്ങള്‍ വലയുന്ന കാഴ്ച കണ്ടു. പുൽപ്പള്ളിയിലെ കരിഞ്ഞുണങ്ങിയ കവുങ്ങിന്‍ തോട്ടങ്ങളിൽ ഒരിടത്താണ് ജനങ്ങള്‍ തടിച്ചുകൂടി എന്നോട് അവരുടെ ദുരിതങ്ങള്‍ പങ്കുവെച്ചത്. കബനി നദിയിൽ നിന്നുള്ള വെള്ളം തുറന്നുകൊടുക്കുന്നതിൽ അധികൃതര്‍ വരുത്തുന്ന വീഴ്ചയാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്.

ഏറനാടിന്റെയും വള്ളുവനാടിന്റെയും പ്രതിഷേധം

കോഴിക്കോട്ടും മലപ്പുറത്തും തെരഞ്ഞെടുപ്പ് യോഗങ്ങള്‍ മഹാറാലികളാകുന്നതായിരുന്നു അനുഭവം. നട്ടുച്ചയ്ക്ക് യോഗം നടന്ന വടകരയിലും വൈകിട്ട് മുതലക്കുളം മൈതാനിയിലും തടിച്ചുകൂടിയ പുരുഷാരം ദൃശ്യമായി. ഡി.വൈ.എഫ്.ഐ നേതാവ് സഖാവ് മുഹമ്മദ് റിയാസിനോട് ചാനൽ ചര്‍ച്ചക്കിടയിൽ 'പാക്കിസ്ഥാനിലേക്ക് പോടാ' എന്ന സംഘപരിവാര്‍ ആക്രോശത്തിനെതിരായ ജനരോഷം ഇവിടങ്ങളിൽ തടിച്ചുകൂടിയ ജനങ്ങളുടെ മുദ്രാവാക്യങ്ങളിൽ പ്രകടമായിരുന്നു.

ഇ.എം.എസിന്റെ നാടായ പെരിന്തൽമണ്ണയിലും, പിന്നീട് നിലമ്പൂരിലും കാണാന്‍ കഴിഞ്ഞ ജനമുന്നേറ്റം ഇവിടങ്ങളിൽ മാത്രമല്ല, കേരളത്തിന്റെയാകെ മാറ്റത്തിന്റെ അരുണോദയമായാണ് എനിക്ക് അനുഭവപ്പെട്ടത്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിൽ ബലാൽസംഗത്തിന് വിധേയയായി കൊലചെയ്യപ്പെട്ട രാധ എന്ന പാവപ്പെട്ട യുവതിയോടുള്ള കോണ്‍ഗ്രസുകാരുടെ പൈശാചികതയ്ക്ക് എതിരായ ജനരോഷമാണ് നിലമ്പൂരിലെ മഹാസമ്മേളനത്തിൽ നുരഞ്ഞുപൊങ്ങിയത്.

പത്രികാ സമര്‍പ്പണം

മലബാറിലെ അഞ്ചു ജില്ലകളിലെ പര്യടനത്തിനുശേഷം ഏപ്രിൽ 25-ന് മലമ്പുഴയിലേക്ക് തിരിച്ചെത്തുകയായിരുന്നു. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ചുരുക്കം ചില കുടുംബയോഗങ്ങളുമായി അന്നത്തെ പ്രചാരണ പരിപാടികള്‍ അവസാനിച്ചു.

പുരപ്പെരുമയുടെ നാട്ടിൽ

പിറ്റേദിവസം തൃശൂരിലായിരുന്നു യോഗം. മൂന്നും നാലും അഞ്ചും വരെ യോഗങ്ങളിൽ നിന്ന് തൃശൂരിലെത്തിയപ്പോള്‍ രണ്ട് യോഗമേ ഉണ്ടായിരുന്നുള്ളൂ. മണലൂരിലും, തൃശൂരിലും. തേക്കിന്‍കാട് മൈതാനിയുടെ തെക്കേ നടയിൽ വൈകിട്ട് യോഗം നടക്കുമ്പോള്‍ ഒരു ചെറുപൂരത്തിന്റെ ആളുകളുണ്ടായിരുന്നു.

വ്യവസായ നഗരിയിലേക്ക്

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന എറണാകുളം ജില്ലയിലായിരുന്നു തുടര്‍ന്നുള്ള പര്യടനം. മെട്രോ റെയിലിന്റെയും, സ്മാര്‍ട്ട് സിറ്റിയുടെയും പൊള്ളയായ അവകാശവാദങ്ങള്‍ തുറന്നുകാട്ടിയായിരുന്നു ഇവിടത്തെ പ്രചാരണം. വോട്ടര്‍മാര്‍ തന്നെ ഈ അവകാശവാദങ്ങളുടെ പൊള്ളത്തരം ഇങ്ങോട്ട് പറഞ്ഞു മനസ്സിലാക്കുന്ന അനുഭവമുണ്ടായി. ഉത്ഘാടനം ചെയ്യപ്പെട്ടു എന്നുപറയുന്ന സ്മാര്‍ട്ട് സിറ്റിയിൽ ജോലി കിട്ടിയ ഒരാളെയെങ്കിലും കാണിച്ചു തരാമോ എന്നായിരുന്നു രസികനായ ഒരു യുവാവ് ചോദിച്ചത്. അതുപോലെ മെട്രോ റെയിലിൽ യാത്ര ചെയ്ത ഒരാളെ കാണിച്ചു തരാമോ എന്നും സരസ്സനായ ആ യുവാവ് ചോദിക്കുകയുണ്ടായി. സരസ്സമായാണ് യുവാവ് ചോദിച്ചതെങ്കിലും സംഗതി ഗൗരവമുള്ളതു തന്നെ. അടിത്തറ ഇട്ടതിനുശേഷം ഉടന്‍ തന്നെ വീടിന്റെ പാലുകാച്ചൽ നടത്തുന്നതുപോലെയാണല്ലോ ഉമ്മന്‍ചാണ്ടി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ചെയ്തത്. അതുപോലെ ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ 25 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന മെട്രോ റെയിൽ രണ്ടു കിലോമീറ്റര്‍ ദൂരത്തിൽ ഒരു എഞ്ചിന്‍ തള്ളിനീക്കിയാണ് ഉമ്മന്‍ചാണ്ടി മെട്രോ റെയിലിന്റെ ഉത്ഘാടനം ചെയ്തത്!

മദ്ധ്യതിരുവിതാംകൂറിന്റെ ദു:ഖം

ഇടുക്കി, കോട്ടയം ജില്ലകളിലെ പര്യടനം ഉമ്മന്‍ചാണ്ടിയുടെ ഭൂമി വില്പനയുടെ നേര്‍ കാഴ്ചകളാണ് സമ്മാനിച്ചത്. ഹോപ്പ് പ്ലാന്റേഷനും, കരുണ എസ്‌റ്റേറ്റും, മെത്രാന്‍ കായലുമൊക്കെ വിറ്റുതുലച്ച ഉമ്മന്‍ചാണ്ടിയുടെയും, അടൂര്‍ പ്രകാശിന്റെയും ധാര്‍ഷ്ട്യത്തിനെതിരായ ജനമുന്നേറ്റമാണ് ഇവിടങ്ങളിൽ കാണാന്‍ കഴിഞ്ഞത്. റബ്ബര്‍ അടക്കമുള്ള കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചമൂലം ദുരിതത്തിലായ കര്‍ഷകരുടെ രോഷവും പ്രതിഷേധവുമാണ് ഇവിടങ്ങളിൽ അലയടിച്ചത്. അടൂര്‍ഭാസി, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നീ വിശ്രുത കലാകാരന്മാരുടെ പേരുകൊണ്ട് പെരുമയാര്‍ന്ന 'അടൂര്‍' എന്ന സ്ഥലനാമം കൊള്ളരുതായ്മകള്‍ മാത്രം കാട്ടുന്നു എന്ന അധിക്ഷേപത്തിന് വിധേയനായ മന്ത്രിയുടെ പേരിൽ നിന്ന് ഒഴിവാക്കണമെന്ന എന്റെ അഭ്യര്‍ത്ഥന കോന്നിയിൽ തടിച്ചുകൂടിയ പുരുഷാരം ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

വറുതിയുടെ തീരങ്ങളിലൂടെ

ആലപ്പുഴയും, കൊല്ലത്തും നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽവറുതിയിലാണ്ട തീരദേശവാസികളുടെ നൊമ്പരങ്ങളാണ് ഉയര്‍ന്നു കേട്ടത്. കയറും, കശുവണ്ടിയും അടക്കമുള്ള പരമ്പരാഗത വ്യവസായ മേഖലയാകെ തകര്‍ന്നതിന്റെ ദുരിതങ്ങളിലാണ് ആലപ്പുഴ, കൊല്ലം ജില്ലകളിലെ സാധാരണ മനുഷ്യര്‍. തീരദേശ മത്സ്യ തൊഴിലാളികള്‍ക്കാവട്ടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍മൂലം വറുതിയുടെ കാലവും. ഇതിനെതിരെയുള്ള പരാതികളാണ് ഈ മേഖലകളിൽ നിന്ന് എനിക്ക് ലഭിച്ചത്.

തലസ്ഥാന ജില്ലയുടെ വരവേല്പ്

സംസ്ഥാനതല തെരഞ്ഞെടുപ്പ് പര്യടനം അവസാനിപ്പിച്ചത് തിരുവനന്തപുരം ജില്ലയിലായിരുന്നു. നഗരമദ്ധ്യത്തിലെ പട്ടം എ.കെ.ജി. പാര്‍ക്കിൽ നിന്നാരംഭിച്ച പ്രചാരണ പരിപാടികള്‍ രാത്രി ഏറെ വൈകി നെടുമങ്ങാട് അവസാനിക്കുകയായിരുന്നു. നെടുമങ്ങാട്ടെ എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ സ്നേഹപൂക്കൾ ചൊരിഞ്ഞ് അവരുടെ ആവേശവും ആഹ്ലാദവും പ്രകടിപ്പിച്ചു.

എൽ.ഡി.എഫ് തരംഗം ദൃശ്യം.

ഉമ്മൻ ചാണ്ടി ഗവന്മെന്റിനെതിരെ അതിശക്തമായ രോഷമാണ് എനിക്ക് എവിടെയും കാണാൻ കഴിഞ്ഞത്. ആശാ കേന്ദ്രമായി ജനങ്ങൾ എൽ.ഡി.എഫ്. നെ ഉറ്റ് നോക്കുകയാണ്. തികച്ചും അഴിമതി വിരുദ്ധമായ ഒരു ഭരണം എൽ.ഡി.എഫി.ൽ നിന്ന് ഉണ്ടാകും എന്ന് അവർ പ്രതീക്ഷിക്കുന്നു.യു .ഡി.എഫ്. ഗവന്മെന്റിന്റെ പൊള്ളയായ വികസന വാചകമടിക്ക് പകരം എൽ.ഡി.എഫ് ഉയർത്തി കാട്ടുന്ന ജനപക്ഷ വികസനം ജനങ്ങൾ ഹൃദയത്തിലേറ്റി കഴിഞ്ഞു. ദുർബ്ബല ജനവിഭാഗങ്ങൾ വലിയ പ്രതീക്ഷയോടെ അടുത്ത എൽ.ഡി.എഫ്. സർക്കാരിനെ ഉറ്റുനോക്കുന്നു. ബി.ജെ.പി.യുടെയും കൂട്ടാളികളുടെയും രാഷ്ട്രീയ കച്ചവടങ്ങളും അവർ തിരിച്ചറിഞ്ഞു. ഇതിന്റെയൊക്കെ ഏറ്റവും പ്രത്യക്ഷമായ തെളിവുകളാണ് ഞാൻ പങ്കെടുത്ത ഓരോ പൊതുസമ്മേളനങ്ങളിൽ തടിച്ച് കൂടിയ പതിനായിരങ്ങൾ!

English summary
election campaign vs achuthanandan facebook post
topbanner

More News from this section

Subscribe by Email