Saturday February 23rd, 2019 - 10:39:am
topbanner

ഗൃഹനാഥന്റെ കൊലപാതകം: മകന്‍ അറസ്റ്റില്‍

rajani v
ഗൃഹനാഥന്റെ കൊലപാതകം: മകന്‍ അറസ്റ്റില്‍

തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം പുതുക്കുളം കിഴക്ക് ഗൃഹനാഥനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ മകനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കൊട്ടുക്കല്‍ സത്യനെ(65)കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മകന്‍ സലീഷിന്റെ(30)അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ആദിവാസി യുവാവ് മധുവിന് ഏല്‍ക്കേണ്ടി വന്നതിനേക്കാള്‍ ഭീകരമായ മര്‍ദനമാണ് ജന്മം നല്‍കിയ പിതാവിന് മകനില്‍നിന്ന് ഏറ്റതെന്ന് സത്യന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട സത്യന്‍ ഡ്രൈവറും സലീഷ് നിര്‍മാണ തൊഴിലാളിയുമാണ്.

കോണ്‍ക്രീറ്റ് ഇഷ്ടിക ചീളുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയത്. ശരീരമാസകലം മര്‍ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൃദയത്തിനും തലയ്ക്കുമേറ്റ ക്ഷതവും തലയിലെ ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം.

ഇടതുവശത്തെ രണ്ടുമുതല്‍ നാലു വരെയും വലതുവശത്തെ ഒന്നുമുതല്‍ ആറു വരെയും വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കോണ്‍ക്രീറ്റ് കട്ടകൊണ്ട് ഇടിച്ചതിനു പുറമെ ചവിട്ടുകയും കൈമുട്ടുകൊണ്ട് ഇടിക്കുകയും നിലത്ത് വലിച്ചിഴക്കുകയും ചെയ്തിട്ടുണ്ട്.തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ ആണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലോടെയായിരുന്നു കൊലപാതകം. മദ്യലഹരിയില്‍ പിതാവിനെ വീട്ടുമുറ്റത്ത് വച്ച് വഴക്കിടുകയും മര്‍ദിക്കുകയും വലിച്ചിഴച്ച് കിടപ്പ് മുറിയില്‍ കൊണ്ടുവന്നിടുകയുമായിരുന്നു. പല ദിവസങ്ങളിലും സലീഷ് പിതാവിനെ മര്‍ദിക്കാറുണ്ടായിരുന്നു.

പിന്നീട് വീട്ടിലെത്തിയ ഭാര്യയും മകളും നാട്ടുകാരുടെ സഹായത്തോടെയാണ് സത്യനെ ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. പ്രതിയെ ഉടനെതന്നെ പിടികൂടാന്‍ കഴിഞ്ഞുവെന്നുള്ളത് പോലീസിന് അഭിമാനിക്കാന്‍ വകയായി. മെഡിക്കല്‍ പരിശോധന കൂടി നടത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ വലപ്പാട് സി. ഐ: ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ വാടാനപ്പള്ളി എസ്.ഐ: ഡി. ശ്രീജിത്ത്, അഡീഷണല്‍ എസ്.ഐ. സാദിഖലി, എ. എസ്.ഐമാരായ രാമചന്ദ്രന്‍, എ.എസ്. ഗോപി, സീനിയര്‍ സി.പി.ഒമാരായ ബെന്നി, ടി.പി. പ്രീജു, സി.പി.ഒമാരായ പി.കെ. അലി, സുനീഷ്, കെ.ബി. ശിവന്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് അഷറഫ്, എന്‍.കെ. ഗോപി, ഇ.എസ്. ജീവന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

 

Viral News

English summary
trissur murder case accused arrest
topbanner

More News from this section

Subscribe by Email