മുംബൈ: ഇംഗ്ലീഷ് സംസാരിച്ചതിന് പതിനെട്ടുകാരനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മറ്റുള്ളവരുടെ മുമ്പില്‍ തന്നെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണെന്ന ധാരണയിലാണ് മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന് എന്ന 21-കാരന് സുഹൃത്തായ മുഹമ്മദ് അഫ്റോസ് ആലം ഷെയ്ക്കിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
54-തവണയാണ് അഫ്റോസിന്റെ കഴുത്തില്‍ വാഹിദ് കുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഫ്റോസിന്റെ തുടര്‍ച്ചയായുള്ള പരിഹാസമാണ് തന്നെ കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അബ്ദുള്‍ വാഹിദ് പോലീസില്‍ കുറ്റസമ്മതം നടത്തി.
അഫ്റോസിനെ ഇല്ലാതാക്കന്‍ ഒരാഴ്ചയോളം കാത്തിരുന്നുവെന്നും വാഹിദ് പറഞ്ഞു. പിന്നീട് സുഹൃത്തിനേയും കൊണ്ട് മദ്യപിക്കാനെന്ന വ്യാജേന ബാന്ദ്രയിലെ വിജനമായ ഒരു പ്രദേശത്ത് എത്തിച്ച് കൊലചെയ്യുകയായിരുന്നുവെന്ന് വാഹിദ് വ്യക്തമാക്കി. മധുബാനി സ്വദേശിയായ മുഹമ്മദ് അഫ്റോസ് എസ്.എസ്.സി പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായാണ് രണ്ട് വര്‍ഷം മുമ്ബ് ബാന്ദ്രയിലെത്തിയതെന്ന് ഇയാളുടെ സഹോദരന് ഫിറോസ് ആലം ഷെയ്ക്ക് പറഞ്ഞു.