Wednesday September 26th, 2018 - 3:14:pm
topbanner

ബിടുബി മീറ്റില്‍ വൈവിധ്യങ്ങള്‍ നിറച്ച് റെഡി ടു ഈറ്റ് വ്യവസായങ്ങള്‍

NewsDesk
ബിടുബി മീറ്റില്‍ വൈവിധ്യങ്ങള്‍ നിറച്ച്  റെഡി ടു ഈറ്റ് വ്യവസായങ്ങള്‍

കൊച്ചി: നാട്ടിലായാലും വിദേശത്തായാലും ഇപ്പോള്‍ റെഡി ടു ഈറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ തരംഗമാണ്. ഈ രംഗത്ത് മള്‍ട്ടിനാഷണല്‍ കമ്പനികളെ വെല്ലുന്ന പ്രകടനമാണ് കേരളത്തിലെ ചില ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ കാഴ്ച വയ്ക്കുന്നത്. സംസ്ഥാന വ്യവസായവാണിജ്യവകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ബിടുബി മീറ്റിലും ഇവര്‍ താരമാവുകയാണ്.


മലയാളിയുടെ ഇഷ്ട നാടന്‍ വിഭവങ്ങളാണ് റെഡി ടു ഈറ്റ് ആയി പാക്ക് ചെയ്യുന്നത്. എണ്ണയോ, രാസപദാര്‍ത്ഥങ്ങളോ ചേര്‍ക്കാതെ പാക്ക് ചെയ്യുന്നു എന്നതാണ് പ്രത്യേകത. ചെറുകടി വിഭവങ്ങളായ സമൂസ, കട്‌ലറ്റ്, കൊഴുക്കട്ട, ഇലയട, പരിപ്പു വട എന്നിവയെല്ലാം ഇത്തരത്തിലാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

ആരോഗ്യത്തിനു വേണ്ടി ഭക്ഷണത്തിന്റെ സ്വാദ് ഉപേക്ഷിക്കണമെന്ന് പറയുന്നത് തെറ്റിദ്ധാരണയാണെന്ന് ജീവ് രസ് ഭക്ഷ്യസംസ്‌കരണ സംരംഭത്തിന്റെ ഉടമ എന്‍ പി റഫീക്ക് പറയുന്നു. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എണ്ണയില്‍ വറുക്കാതെ ആവി ഉപയോഗിച്ച് വറുവല്‍ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ കറുമുറെ സ്വാദ് പോകാത്ത രീതിയിലാണ് പലഹാരങ്ങള്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്ത ജാം, അച്ചാറുകള്‍, ജ്യൂസ് എന്നിവയ്ക്കും നിരവധി സ്റ്റാളുകള്‍ ബിടുബി മീറ്റിലുണ്ട്. വായുകടക്കാതെ പാക്ക് ചെയ്ത കരിക്കിന്‍ വെളളത്തിനും മറ്റും നിരവധി അന്വേഷണങ്ങളും ബയര്‍മാരില്‍ നിന്ന് എത്തുന്നുണ്ട്. ബയോഎന്‍സൈമുകള്‍ ഉപയോഗിച്ചാണ് കരിക്കിന്‍വെള്ളം കേടുകൂടാതെ സൂക്ഷിക്കുന്നതെന്ന് സിപ് ഒ നട്ടിന്റെ എംഡി സതീഷ് ടി പറഞ്ഞു. അതിനാല്‍ തന്നെ ഏഴു മാസം വരെ കരിക്കിന്‍വെളളം സാധാരണ താപനിലയില്‍ കേടുകൂടാതെ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏതു ഭൂപ്രദേശത്തും രാസപദാര്‍ത്ഥങ്ങളില്ലാത്ത ഭക്ഷണത്തിന് വന്‍ ഡിമാന്റാണെന്ന് വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടര്‍ പി എം ഫ്രാന്‍സിസ് പറഞ്ഞു. ഈ ഡിമാന്റ് നിരവധി സംരംഭകരെ ഇത്തരം വ്യവസായങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശ്ശേരി സിയാല്‍ എക്‌സിബിഷന്‍സെന്ററില്‍ നടക്കുന്ന ബി ടു ബി മീറ്റില്‍ 480 ബയര്‍മാരും 200 സെല്ലര്‍മാരുമാണ് പങ്കെടുക്കുന്നത്. ഇതില്‍ 80 പ്രദര്‍ശനങ്ങള്‍ ഭക്ഷ്യ സംസ്‌കരണത്തില്‍ നിന്നാണ്.
വ്യവസായ, വാണിജ്യ ഡയറക്ടറേറ്റ്, ഹാന്‍ഡ്‌ലൂംടെക്‌സ്‌റ്റൈല്‍സ് ഡയറക്ടറേറ്റ്, കെഎസ്‌ഐഡിസി, കിന്‍ഫ്ര, ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) എന്നിവയുമായി ചേര്‍ന്ന് കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബിപ്) ആണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

Read more topics: B2B Meet, Kerala food
English summary
Kerala food-based SMEs explore ‘ready-to eat’ market, Business-to-Business Meet organized here by the state’s Department of Industries and Commerce.
topbanner

More News from this section

Subscribe by Email