ദില്ലി: പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറയാന്‍ വഴിയൊരുക്കിക്കൊണ്ട് ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ വിലയിടിവ്. ഒന്‍പത് ദിവസത്തിനിടെ ബാരലിന് ഏഴ് ഡോളറാണ് കുറഞ്ഞത്. വ്യാഴാഴ്ച പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 6 പൈസ, 12 പൈസ നിരക്കില്‍ കുറഞ്ഞിരുന്നു. ഇത് വരും ദിനങ്ങളില്‍ കൂടുതല്‍ കുറയുമെന്നാണ് പ്രതീക്ഷ.
അന്താരാഷ്ട്ര എണ്ണ വിലയെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലയും, നികുതിയും നിശ്ചയിക്കുന്നത്. വില വര്‍ദ്ധിക്കുമ്പോള്‍ ഉടന്‍ ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുമെങ്കിലും കുറഞ്ഞ വില ജനങ്ങള്‍ക്ക് കൈമാറാന്‍ എണ്ണ കമ്പനികള്‍ മടിക്കും. സര്‍ക്കാര്‍ ഇടപെടുന്നത് വരെ കാത്തിരിക്കുന്നതും പതിവാണ്.
ഇതാണ് അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നത് ജനങ്ങളിലേക്ക് എത്താന്‍ വൈകിക്കുന്നത്. വില കുത്തനെ ഉയര്‍ന്നത് മൂലം ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ ആഗോള വിപണിയിലെ ഇടിവ് സര്‍ക്കാരിനും, ഭരണപക്ഷത്തിനും ആശ്വാസമാകും. പത്ത് ദിവസമായി ആഗോള വിപണിയില്‍ എണ്ണവില താഴേക്കാണ്.