topbanner
Thursday August 17th, 2017 - 9:06:pm
topbanner

സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യകൃഷി വൈവിധ്യവല്‍കരിക്കാന്‍ ആര്‍ജിസിഎ

suvitha
സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യകൃഷി വൈവിധ്യവല്‍കരിക്കാന്‍ ആര്‍ജിസിഎ

കൊച്ചി: 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രയോജനപ്പെടുത്തിയാല്‍ ഇന്ത്യയിലെ മത്സ്യകര്‍ഷകര്‍ക്ക് മികച്ച ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്ന് മംഗളുരുവില്‍ നടന്ന അക്വ-അക്വേറിയ സമ്മേളനത്തിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ചെമ്മീന്‍ കൃഷിയില്‍നിന്ന് കാളാഞ്ചി, തിലോപിയ തുടങ്ങിയ ഇനങ്ങളുടെ കൃഷിയിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) ആണ് അക്വ-അക്വേറിയ സംഘടിപ്പിച്ചത്. മത്സ്യക്കൃഷിയില്‍ മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിക്കേണ്ടതെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്റെ ഡയറക്ടര്‍ ഡോ എസ്.കന്ദന്‍ നിര്‍ദ്ദേശിച്ചു. നിരവധി പുതിയ സാങ്കേതിക വിദ്യകള്‍ എംപെഡയുടെ ഗവേഷണ വിഭാഗമായ ആര്‍ജിസിഎ വികസിപ്പിച്ചിട്ടുണ്ട്.

കണ്ടല്‍കാടുകളില്‍ ഞണ്ടുകളെ ഉത്പാദിപ്പിച്ചു തുടങ്ങിയത് ആര്‍ജിസിഎ ആണ്. വിദേശരാജ്യങ്ങളില്‍ ഏറെ ആവശ്യക്കാരുള്ള ഈ ഞണ്ടിന്റെ പ്രജനന കേന്ദ്രം ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്. രണ്ടു വര്‍ഷം വേണ്ടി വന്നു ഈ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാന്‍. ഇന്ന് വര്‍ഷം തോറും പത്തുലക്ഷം ഞണ്ടുകളെയാണ് ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാളാഞ്ചി, തിലോപിയ, ഏരി, ചെമ്മീന്‍ എന്നിവയും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിനു വേണ്ടിയുള്ള സാങ്കേതിക വിദ്യ ആര്‍ജിസിഎ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് ഇന്ത്യ 200 കോടി രൂപയുടെ മീന്‍മുട്ടകളാണ് ഇറക്കുമതി ചെയ്തിരുന്ന സാഹചര്യത്തില്‍ ആര്‍ജിസിഎ ഇടപെടുകയും മികച്ച ഗുണമേന്മയുള്ള മീന്‍മുട്ടകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഇതുവഴി ഏറ്റവും ഗുണമുണ്ടായത് സ്ത്രീകള്‍ക്കാണ്. ഈ വിപണിയില്‍ മാത്രം നൂറു വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകോത്തര നിലവാരമുള്ള ലാബുകളും, സംരക്ഷിത കേന്ദ്രങ്ങളും ആര്‍ജിസിഎയ്ക്ക് തമിഴ്‌നാട്ടിലെ സിര്‍കാലിയിലുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഏഴായിരത്തില്‍പരം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഇതു കൂടാതെ നൈപുണ്യ വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് ഡോ കന്ദന്‍ പറഞ്ഞു.

English summary
RGCA for diversification of fish farming using technology