Wednesday September 18th, 2019 - 5:13:pm
topbanner
Breaking News
jeevanam

കൃഷ്ണ സുധീന്ദ്ര യു എസ് ടി ഗ്ലോബലിന്റെ പുതിയ സി ഇ ഒ

Anusha Aroli
കൃഷ്ണ സുധീന്ദ്ര യു എസ് ടി ഗ്ലോബലിന്റെ പുതിയ സി ഇ ഒ

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ സി ഇ ഒ സ്ഥാനത്തുനിന്ന് സാജൻ പിള്ള വിരമിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. കൃഷ്ണ സുധീന്ദ്രയാണ് പുതിയ സി ഇ ഒ. നിലവിൽ കമ്പനിയുടെ സി എഫ് ഒ യും പ്രസിഡന്റുമാണ് അദ്ദേഹം. രണ്ടു പതിറ്റാണ്ടിലേറെയായി കമ്പനിയുടെ സി ഇ ഒ സ്ഥാനം വഹിച്ചുവരുന്ന സാജൻ പിള്ള ഒരു വർഷം കൂടി ഡയറക്ടർ ബോർഡിൽ തുടരും. പരിവർത്തന ഘട്ടം വിജയകരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയുമായി പുതിയ സി ഇ ഒ കൃഷ്ണ സുധീന്ദ്രയ്ക്കും മറ്റ് ഉന്നത നേതൃത്വത്തിനും ഒപ്പം അദ്ദേഹം പ്രവർത്തിക്കും.


ഇന്നൊവേഷൻ ലക്ഷ്യമാക്കി സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപം നടത്തി കമ്പനിയിൽ ആരോഗ്യകരമായ ഒരു സ്റ്റാർട്ട് അപ്പ് ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുത്തതിൽ പ്രമുഖ പങ്കാണ് സാജൻ പിള്ളയ്ക്കുള്ളത്. ഒരു വർഷക്കാലം കൂടി ബോർഡിൽ തുടരുന്ന അദ്ദേഹം, പുതിയതായി രൂപം കൊടുത്ത വെൻച്വർ ഫണ്ടുമായി ഇതേ മേഖലയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിലും ഉപയോക്തൃ മൂല്യം വർധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് സ്റ്റാർട്ട് അപ്പ് ആവാസവ്യവസ്ഥ.

മുൻനിര സാങ്കേതിക വിദ്യയും ഇന്നൊവേഷനും കൊണ്ടുവരുന്ന സ്റ്റാർട്ട് അപ്പുകളെയും ഉപയോക്താക്കളെയും കണ്ണിചേർത്ത് ഇരുകൂട്ടർക്കും മൂല്യങ്ങൾ പകർന്നുനൽകി കമ്പനിയുടെ വളർച്ചക്ക് ആക്കം കൂട്ടിയുള്ള യു എസ് ടി ഗ്ലോബലിലെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ തനിക്ക് സംതൃപ്തി നൽകുന്നതായിരുന്നു എന്ന് സാജൻ പിള്ള അഭിപ്രായപ്പെട്ടു. "വെൻച്വർ മൂലധനമാണ് ഇക്കാലത്ത് സ്റ്റാർട്ട് അപ്പുകളെ നയിക്കുന്നത്. അതിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിലൂടെ കമ്പനിയുടെ ആഗോള തല ബിസിനസ്, ഉപയോക്തൃ സേവനങ്ങൾ എന്നിവയിൽ വ്യാപൃതനാവാനുമാണ് ആഗ്രഹിക്കുന്നത്.

ഉപയോക്തൃ സേവനങ്ങളിൽ ഊന്നൽ നൽകിയുള്ള യു എസ് ടി ഗ്ലോബലിന്റെ ഇന്നൊവേഷൻ യാത്ര തുടരാൻ അത് സഹായകമാകും. എന്റെ സ്ഥാനത്തേക്ക് കൃഷ്ണ സുധീന്ദ്ര കടന്നു വരുന്നതും കമ്പനിയുടെ വരും തലമുറ നേതൃപദവിയിൽ അദ്ദേഹം അവരോധിക്കപ്പെടുന്നതും അഭിമാനകരമായി കരുതുന്നു. കമ്പനിയുടെ ഈ പരിണാമ ഘട്ടത്തിൽ മുൻനിരയിൽ നിന്ന് നയിക്കാൻ ഏറ്റവും പ്രാപ്തനായ വ്യക്തിയാണ് അദ്ദേഹം, " സാജൻ പിള്ള പറഞ്ഞു.

നേതൃമാറ്റ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി കമ്പനിയുടെ പ്രസിഡണ്ട് പദവി വഹിക്കുകയാണ് കൃഷ്ണ സുധീന്ദ്ര. പതിനഞ്ചു വർഷക്കാലത്തെ സേവനത്തിനിടയിൽ ഉപയോക്തൃ വളർച്ച, വിപണി വികസനം എന്നിവ വഴി കമ്പനിയുടെ വളർച്ചയിലും വ്യവസായ പുരോഗതിയിലും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. യു എസ് ടി ഗ്ലോബലിലേക്ക് സ്വകാര്യ ഇക്വിറ്റി നിക്ഷേപം ആകർഷിക്കുന്നതിൽ നിർണായക പങ്കാണ് അദ്ദേഹത്തിനുള്ളത്. ആഗോള തല പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതിനു പുറമേ, ഉയർന്ന ഉല്പാദനക്ഷമതയും കാര്യശേഷിയും കൈവരിക്കാനുതകുന്ന കരുത്തുറ്റ ധനകാര്യ വ്യവസ്ഥ, ഗവേണൻസ്, നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.

കമ്പനിയുടെ തലപ്പത്ത് ഏറ്റവും അനുയോജ്യനായ വ്യക്തിയെ അവരോധിക്കാനായി വർഷങ്ങളായി ആസൂത്രണം ചെയ്ത നേതൃമാറ്റ പദ്ധതി വിജയകരമായി പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്ന് യു എസ് ടി ഗ്ലോബൽ ഡയറക്ടർ ബോർഡ് ചെയർമാൻ പരസ് ചന്ദാരിയാ അഭിപ്രായപ്പെട്ടു. കമ്പനിയുടെ പ്രസിഡണ്ട്, സി എഫ് ഒ എന്നീ നിലകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച കൃഷ്ണയുടെ സി ഇ ഒ എന്ന നിലയിലുള്ള വരുംകാല പ്രവർത്തനങ്ങളെ തങ്ങളെല്ലാം ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"ഉന്നതമായ നേതൃത്വത്തിനും കമ്പനിക്കായി നൽകിയ എണ്ണമറ്റ സംഭാവനകളുടെ പേരിലും മുഴുവൻ ബോർഡ് അംഗങ്ങൾക്കുവേണ്ടി സാജനോട് കൃതജ്ഞത രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളേയും അർപ്പണമനോഭാവത്തെയും ഞങ്ങൾ വിലമതിക്കുന്നു. വെൻച്വർ സംരംഭങ്ങളുമായി വരുംനാളുകളിലും ഞങ്ങൾ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു.

യു എസ് ടി ഗ്ലോബലിന്റെ സി ഇ ഒ ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ അഭിമാനമുണ്ടെന്ന് കൃഷ്ണ സുധീന്ദ്ര പറഞ്ഞു. യു എസ് ടി ഗ്ലോബൽ പോലെ കരുത്തുറ്റ ഒരു സ്ഥാപനത്തെ നയിക്കാനും അതിലെ പ്രതിഭാസമ്പന്നരെ പിന്തുണക്കാനും കമ്പനിയെ വളർച്ചയിലേക്ക് നയിക്കാനും സാജനും മറ്റു ബോർഡ് അംഗങ്ങളും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

Viral News

English summary
Krishna Sudheendra is the new CEO of UST Global
topbanner

More News from this section

Subscribe by Email