Tuesday June 19th, 2018 - 12:44:am
topbanner
Breaking News

കണ്ണൂര്‍ വിമാനത്താവളം: പ്രവാസി നിക്ഷേപകര്‍ക്ക് ടൂറിസം മേഖലയില്‍ വന്‍ സാധ്യത

NewsDesk
കണ്ണൂര്‍ വിമാനത്താവളം: പ്രവാസി നിക്ഷേപകര്‍ക്ക്  ടൂറിസം മേഖലയില്‍ വന്‍ സാധ്യത

അടുത്ത വര്‍ഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഉത്തരമലബാറില്‍ വിനോദ സഞ്ചാര മേഖലയില്‍ വന്‍ സാധ്യതകളാണ് തുറക്കുന്നത്. ഇതു വഴി ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താന്‍ മറുനാടന്‍ മലയാളികളായ നിക്ഷേപ സംരംഭകര്‍ക്ക് വലിയ അവസരമാണ് ലഭ്യമാകുന്നത.

രണ്ടായിരം ഏക്കര്‍ സ്ഥലത്താണ് സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ നിര്‍മ്മിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കും ഇത്. കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്താത്ത ഉത്തരമലബാര്‍ മേഖലയിലെ ബീച്ചുകള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍, മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മുതലായവ കേന്ദ്രീകരിച്ച് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താനുള്ള നല്ല അവസരമാണ് സംരംഭകര്‍ക്ക് ലഭിക്കുന്നത്.

ഉത്തരമലബാറിലെ വിനോദസഞ്ചാര മേഖലയിലെ നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കുന്നതിനും, എങ്ങനെ നല്ലനിലയില്‍ നിക്ഷേപം നടത്താം എന്നത് സംബന്ധിച്ചും സംരംഭകര്‍ക്കായി ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് വികസന കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി) കാസര്‍ഗോഡ് പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് രണ്ടു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ട്. നീലേശ്വരത്ത് ഡിസംബര്‍ 11, 12 തീയതികളിലാണ് ശില്‍പശാല.

കേരളത്തിന് പുറത്തും ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള സംരംഭകര്‍ക്ക് സ്വന്തം നാട്ടില്‍ നിക്ഷേപം നടത്തുന്നതിനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് ബി.ആര്‍.ഡി.സി. വക്താവ് ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ ഇടത്തരം-ചെറുകിട നിക്ഷേപങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹന നടപടികളുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

ഈ മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശില്‍പശാലയില്‍ പങ്കെടുക്കാം. ഫാം, കായല്‍, ആയുര്‍വേദം, ടൂറിസം മേഖലകളിലെ അവസരങ്ങളും നാടന്‍ കലകള്‍, യോഗ, കളരിപ്പയറ്റ്, കരകൗശല മേഖലകളിലെ ടൂറിസം സാധ്യതകളും ശില്‍പശാല ചര്‍ച്ചചെയ്യും. ഹോം സ്റ്റേകള്‍, ബഡ്ജറ്റ് റിസോര്‍ട്ടുകള്‍, ടൂര്‍ ഓപ്പറേഷന്‍സ് മുതലായ രംഗത്തെ സാധ്യതകളും പ്രതിപാദിക്കും. വടകര താലൂക്ക് മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വരെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് പുതിയ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്. താല്‍പര്യമുള്ളവര്‍ www.bekaltourism.com എന്ന വെബ് സൈറ്റില്‍ കൊടുത്തിട്ടുള്ള രജിസ്‌ട്രേഷന്‍ ഫോം മുഖേന മുന്‍കൂട്ടി ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഈ മേഖലയില്‍ വിജയം കൈവരിച്ച സംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. പുതിയ സംരംഭകര്‍ക്ക് ഇവരുമായി ആശയവിനിമയത്തിനും സംശയ ദൂരീകരണത്തിനുമുള്ള വേദിയും ഉണ്ടാകും.

ടൂറിസം നിക്ഷേപ സംരംഭക ദൗത്യത്തിന്റെ ഭാഗമായി ബി.ആര്‍.ഡി.സി. നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് ഹോട്ടല്‍ വ്യവസായത്തിലെ പ്രമുഖരായ താജ് വിവാന്‍ഡയും ലളിത് ഗ്രൂപ്പും ബേക്കല്‍ തീരത്ത് സംരംഭങ്ങള്‍ തുടങ്ങിയത്. ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി വൈകാതെ ഇവിടെ പ്രവര്‍ത്തനം തുടങ്ങും. സാധാരണക്കാരായ ടൂറിസ്റ്റുകള്‍ക്കു വേണ്ടി ബഡ്ജറ്റ് ഹോം സ്റ്റേകളും റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും ഇനി ധാരാളമായി ഉണ്ടാകേണ്ടതുണ്ട്.

റാണിപുരം, പൈതല്‍മല, എന്നീ മലയോര കേന്ദ്രങ്ങളിലും ധര്‍മ്മടം ദ്വീപ് കേന്ദ്രമാക്കിയും വിനോദ സഞ്ചാര പദ്ധതികള്‍ക്ക് വന്‍ സാധ്യതകളാണുള്ളത്. ബീച്ച് ഡ്രൈവിങ്ങിന് ലോകത്തെ മികച്ച കടല്‍ത്തീരങ്ങളില്‍ ഒന്നെന്ന് ബി.ബി.സി വിശേഷിപ്പിച്ച മുഴപ്പിലങ്ങാട് വിനോദ സഞ്ചാര മേഖലയും കവ്വായി കായലും നിക്ഷേപം കാത്തിരിക്കുന്നു. 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കവ്വായി-വലിയപറമ്പ് ഉള്‍നാടന്‍ ജലാശയത്തില്‍ കായല്‍ ടൂറിസം വികസനത്തിന് സാധ്യതകള്‍ ഏറെയാണ്. നവ സംരംഭകര്‍ക്കും നിലവില്‍ ഈ രംഗത്തുള്ളവര്‍ക്കും നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കുന്നതിനും ബി.ആര്‍.ഡി.സി മികച്ച അവസരം ഒരുക്കുകയാണ് ചെയ്യുന്നത്.

കേരളത്തിലേക്ക് വരുന്ന, ഗള്‍ഫ്, യൂറോപ്യന്‍ മേഖലകളില്‍നിന്നും അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ടൂറിസ്റ്റുകളെ ഉത്തരമലബാറിലേക്ക് ആകര്‍ഷിക്കുന്നതിന് പുതിയ ടൂറിസം സംരംഭങ്ങളിലൂടെ സാധിക്കും.

പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ, ഉത്തര മലബാറിനെ കേന്ദ്രീകരിച്ച് ആഗോളതലത്തിലുള്ള വിപണന പദ്ധതികളും സര്‍ക്കാര്‍ തലത്തില്‍ ആസൂത്രണം ചെയ്തുവരികയാണ്.

 

Read more topics: airport, Kannur, tourism
English summary
Kerala invites Non-resident Keralites to invest in tourism ventures ahead of new airport opening in Kannur

More News from this section

Subscribe by Email