topbanner
Sunday August 20th, 2017 - 7:44:am
topbanner

സ്റ്റാര്‍ട്ടപ്പ് മിഷനും ബിപിസിഎല്ലുമായി ധാരണപത്രം ഒപ്പുവച്ചു

NewsDesk
സ്റ്റാര്‍ട്ടപ്പ് മിഷനും ബിപിസിഎല്ലുമായി  ധാരണപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക-സാമ്പത്തിക പിന്തുണ നല്‍കുന്നതില്‍ സഹകരിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിപിസിഎല്‍) ധാരണാപത്രം ഒപ്പുവച്ചു. വിവിധ സാങ്കേതിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ധനസഹായമോ നിക്ഷേപമോ ചെയ്യുന്നതിലൂടെ കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ ശാക്തീകരിക്കുന്നതും ദീര്‍ഘകാലസഹകരണവും ലക്ഷ്യമിട്ടുള്ളതാണ് ധാരണാപത്രം. സാമ്പത്തിക പിന്തുണ കൂടാതെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവസരം, രംഗത്തെ വിദഗ്ധരുടെ സേവനം, നെറ്റ്‌വര്‍ക്ക് എന്നിവ ബിപിസിഎല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഇലക് ട്രോണിക്‌സ്, ഐറ്റി സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ബിപിസിഎല്‍ ജനറല്‍ മാനേജര്‍ (സ്ട്രാറ്റജി) അരവിന്ദ് കൃഷ്ണസ്വാമി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. രണ്ടുവര്‍ഷത്തേക്കാണ് ധാരണപത്രം.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളും വിദ്യാര്‍ഥികളും ആശയസമ്പന്നരാണെങ്കിലും മതിയായ ബിസിനസ് മാതൃകകളുടെ അഭാവമാണ് അവര്‍ നേരിടുന്ന വെല്ലുവിളിയെന്ന് എം. ശിവശങ്കര്‍ പറഞ്ഞു. എന്‍ജിനീയറിംഗ് ഡിസൈന്‍, വ്യാവസായിക, വാണിജ്യരൂപത്തിലെ ഉത്പ്പന്ന നിര്‍മിതി എന്നിവയില്‍ ലഭിക്കുന്ന പിന്തുണ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തെ ഏറെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ആശയങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയശേഷം ക്യുറേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ പട്ടിക കൈമാറുന്ന ചുമതലയായിരിക്കും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നിര്‍വഹിക്കുകയെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യവസാസരംഗത്തെ സാങ്കേതിക സൗകര്യങ്ങളും വിഷയവിദഗ്ധരുടെ സഹായവും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ബിപിസിഎല്‍ ശില്‍പ്പശാലാ പരമ്പര സംഘടിപ്പിക്കുമെന്ന് അരവിന്ദ് കൃഷ്ണസ്വാമി പറഞ്ഞു. തങ്ങളുടെ വ്യവസായത്തിലെ വിവിധ തുറകളില്‍ ഉപയോഗസാധ്യമായ സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പ്പന്നങ്ങള്‍ പ്രതിഫലം നല്‍കി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്‌ഫോസ്സ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍, ബിപിസിഎല്‍ ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രമോദ് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു. ട്രാന്‍സ്മിയോ എന്ന സ്റ്റാര്‍ട്ടപ്പിന്റെ പെട്രോളിയം പൈപ്പിംഗ് സൊല്യൂഷനുകളെ സംബന്ധിച്ച് സുഹൈല്‍, റീനൗ വെയ്സ്റ്റ് മാനേജ്‌മെന്റ് സൊല്യൂഷന്‍സിന്റെ മാലിന്യനിര്‍മാര്‍ജ്ജന സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പൂര്‍ണ സഹായ സഹകരണ പദ്ധതിയെക്കുറിച്ച് മഞ്ജുനാഥ് തുടങ്ങിയവരും ബിപിസിഎല്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

Read more topics: Kerala Startup Mission, MoU, BPCL,
English summary
Kerala Startup Mission signs MoU with BPCL