Thursday July 18th, 2019 - 4:53:pm
topbanner
topbanner

കയര്‍കേരളയില്‍ 250 കോടിയിലേറെ രൂപയുടെ കയറ്റുമതിക്ക് ധാരണ

NewsDesk
കയര്‍കേരളയില്‍ 250 കോടിയിലേറെ രൂപയുടെ  കയറ്റുമതിക്ക് ധാരണ

ആലപ്പുഴ: അന്താരാഷ്ട്ര കയര്‍ വിപണന പ്രദര്‍ശന മേളയായ കയര്‍ കേരള 2016ന്റെ മുഖ്യ ആകര്‍ഷണമായ ബയര്‍ സെല്ലര്‍ സംഗമത്തില്‍ 250 കോടിയില്‍പരം രൂപയുടെ കയറ്റുമതിക്കുള്ള വ്യാപാര ഇടപാടുകള്‍ക്ക് ധാരണയായി. 54 രാജ്യങ്ങളില്‍നിന്നുള്ള 159 ബയര്‍മാരും രജിസ്റ്റര്‍ ചെയ്ത 260 വ്യാപാരികളും കയര്‍ ഭൂവസ്ത്ര ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശകരും സംഗമത്തില്‍ ആശയവിനിമയത്തിനെത്തിയിരുന്നു.

സ്വകാര്യ മേഖലയിലെ പ്രതിനിധികള്‍ക്കു പുറമേ പൊതുമേഖലയിലെ ഫോംമാറ്റിംഗ്‌സ് ഇന്ത്യ ലിമിറ്റഡ്, കയര്‍ഫെഡ്, കയര്‍ ബോര്‍ഡ്, കയര്‍ വികസന കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളും സംഗമത്തില്‍ പങ്കെടുത്തു.

കേരളത്തിലെ കുടില്‍ വ്യവസായങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാര്‍ഗമായ കയറിന് വിജയകഥയാണ് പറയാനുള്ളതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്ന സംഗമത്തിലെ ഇടപാടുകളിലൂടെ കയര്‍ ഉല്‍പ്പന്നത്തെ ആഗോളശ്രദ്ധയില്‍ കൊണ്ടുവരാനായിട്ടുണ്ട്. ലാഭക്കണക്കുകള്‍ പറയുമ്പോള്‍ കയര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാവപ്പെട്ട കയര്‍തൊഴിലാളികളെ മറക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തില്‍വച്ചേറ്റവും ഗുണനിലവാരമുള്ള ഇന്ത്യന്‍ കയര്‍ ഉത്പന്നങ്ങള്‍ക്ക് വിപണിയിലെ മത്സരങ്ങളെ അതിജീവിക്കാന്‍ ആധുനികവല്‍ക്കരണവും നൂതന സാങ്കേതികവിദ്യകളും ഗവേഷണവും നാട്ടിലേതുള്‍പ്പെടെ സുസ്ഥിര വിപണിയും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പങ്കാളികളും സംഗമത്തിലെ ബയര്‍മാരും ഈ മേഖലയില്‍ നൂതന സാങ്കേതിക വിദ്യകള്‍ക്കായി നിക്ഷേപം നടത്തുന്നത് അര്‍ത്ഥവത്താണെന്ന അഭിപ്രായക്കാരാണെന്ന് അദ്ധ്യക്ഷത വഹിച്ച കയര്‍ റവന്യു വകുപ്പ് മന്ത്രി ശ്രീ അടൂര്‍ പ്രകാശ് പറഞ്ഞു. ബയര്‍മാര്‍ക്കും വില്‍പ്പനക്കാര്‍ക്കും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കൈമാറാനും അതിലൂടെ വളര്‍ച്ച പ്രാപിക്കാനും സംഗമത്തിലൂടെ സാധിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി ബയര്‍സെല്ലര്‍ സംഗമത്തിലെ ആഭ്യന്തര, വിദേശ പങ്കാളികളിലൂടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായെന്നു മാത്രമല്ല അവരില്‍ നിന്ന് മികച്ച പ്രതികരണം നേടാനായതായും മന്ത്രി പറഞ്ഞു.

പുതിയ കയര്‍ ഉല്‍പ്പന്നങ്ങളേയും അവ ലഭ്യമാകുന്ന രീതികളേയും കുറിച്ച് അറിവു ലഭിക്കുന്ന വേദിയാണ് കയര്‍ കേരളയെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഓസ്‌ട്രേലിയയിലെ ഓസി ഇറോഷന്‍ കമ്പനി പ്രതിനിധി സ്റ്റീഫന്‍ ബെറി പറഞ്ഞു. ഇടപാടുകാരെ കണ്ടെത്താനും ധാരണയിലേര്‍പ്പെടാനുമാണ് തുടര്‍ച്ചായ രണ്ടാം വര്‍ഷവും സംഗമത്തിനെത്തിയതെന്ന് കെനിയയില്‍ അഫാ എന്ന സ്ഥാപനം നടത്തുന്ന എന്‍സിആര്‍എംഐ മുന്‍ വിദ്യാര്‍ത്ഥി വിന്‍സെന്റ് ചര്‍ച്ചിര്‍ പറഞ്ഞു.

പുത്തനവസരങ്ങളും ഉല്‍പ്പന്നങ്ങളും തേടിയാണ് കയര്‍കേരളയ്‌ക്കെത്തിയതെന്ന് ബ്രസീല്‍ ആസ്ഥാനമായ മഹാ ലക്ഷ്മി ഇംപോര്‍ട്ടേഴ്‌സ് ലിമിറ്റഡ് പ്രതിനിധി ഗോപിനാഥാ സില്‍വ ചൂണ്ടിക്കാട്ടി. ഇന്ന് ചകിരിനാരുകള്‍ തരംഗം സൃഷ്ടിക്കുന്ന മേഖലയില്‍ കാലഘട്ടത്തിനനിവാര്യമായ സംഗമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കയറുല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുള്ള സൗദി അറേബ്യയിലെ ജിദ്ദയില്‍ കൂടുതല്‍ ചകിരിനാരും അതിന്റെ വില്‍പ്പനക്കാരേയുമാണ് പ്രതീക്ഷിക്കുന്നതെന്ന് 20 വര്‍ഷമായി ചവിട്ടികകളുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന അവിടത്തെ ബെദാ ഗ്രൂപ്പ് പ്രതിനിധി അബ്ദുള്‍ ഹമീദ് സയിദ് പറഞ്ഞു.

തനത് കയര്‍, പ്രകൃതിദത്ത നാരുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കേരളത്തിലെ പൊതു, സ്വകാര്യ, സഹകരണ മേഖലകളിലെ പ്രതിനിധികള്‍ക്ക് രാജ്യാന്തര, ആഗോള തലത്തിലുള്ള കയര്‍ ഇറക്കുമതി മേഖലയിലെ പ്രതിനിധികളുമായി വ്യാപാര കരാറുകള്‍ ഉറപ്പിക്കുന്നതിനാണ് സംഗമം വേദിയായത്. സംഗമത്തില്‍ കയര്‍ വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്, എന്‍സിആര്‍എംഐ ഡയറക്ടര്‍ ശ്രീ കെ.ആര്‍.അനില്‍ എന്നിവര്‍ സംസാരിച്ചു.

Read more topics: Coir Kerala,
English summary
Coir Kerala Buyer-Seller meet 2016 sees business worth over Rs 250 crore
topbanner

More News from this section

Subscribe by Email